മുംബയ്: അദാനി കമ്പനികളുൾപ്പെടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണാത്മക ഗവേഷണ റിപ്പോർട്ടുകളിലൂടെ ലോകമെമ്പാടും പേരെടുത്ത യു.എസ് ഷോർട്ട്സെല്ലർ കമ്പനി ഹിൻഡൻബർഗ് അടച്ചുപൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൻ ബുധനാഴ്ച ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചത്. പ്രവർത്തിച്ചുവന്ന ആശയങ്ങളും പ്രൊജക്ടുകളും പൂർത്തിയായതുകൊണ്ടാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് ആൻഡേഴ്സൻ അറിയിച്ചത്. ഓഹരി, കടപ്പത്രം തുടങ്ങിയവയിലെ തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 2017ലാണ് ഹിൻഡൻബർഗ് സ്ഥാപിതമാകുന്നത്. വ്യക്തിജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്ഥാപനം പൂട്ടുന്നതെന്ന് ആൻഡേഴ്സൻ വ്യക്തിഗത കത്തിലൂടെ വ്യക്തമാക്കി.
ബ്രോക്കർമാരിൽ നിന്ന് ഓഹരികൾ കടം വാങ്ങുകയും വിപണിയിൽ ഓഹരിയുടെ വില കുറയുമ്പോൾ ഓഹരികൾ വാങ്ങി കടംവീട്ടുകയും ചെയ്യുന്നതാണ് ഷോർട്ട്സെല്ലിംഗ്. കടം വാങ്ങിയ ഓഹരിയുടെ വിലയും കുറഞ്ഞവിലയ്ക്ക് വാങ്ങിയ ഓഹരിയുടെ വിലയും തമ്മിലുള്ള അന്തരമാണ് ഷോർട്ട്സെല്ലറുടെ ലാഭം. ഷോർട്ട്സെല്ലിംഗ് രംഗം വെല്ലുവിളികൾ നേരിടുമ്പോഴാണ് ഹിൻഡൻബർഗിന്റെ പിന്മാറ്റം.
ഇന്ത്യൻ ഓഹരിവിപണിയിൽ അദാനിഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് അദാനിയുടേത് മാത്രമല്ല, നിക്ഷേപകരുടെ കോടികളാണ് മുക്കിക്കളഞ്ഞത്. ഇത്തരം കമ്പനികൾക്കെതിരെ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണത്തോടെ ഇന്ത്യ-യു.എസ് സംയുക്ത അന്വേഷണം കമ്പനിക്കെതിരെ വരാമെന്ന് കണ്ടാണ് ഹിൻഡൻബർഗ് പൂട്ടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ നിഗമനം. ഇന്ത്യൻ ഓഹരിവിപണിയെ വിദേശത്തെ കമ്പനികൾ സ്വാധീനിക്കുന്നത് ഇതോടെ ഇല്ലാതാകുമെന്ന പ്രതീക്ഷയും ഈ രംഗത്തുള്ളവർ മുന്നോട്ടുവയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |