കോന്നി : ചൂട് കടുത്തതോടെ അച്ചൻകോവിൽ, കല്ലാർ നദികൾ മെലിഞ്ഞുതുടങ്ങി. ഈ നദികളുമായി ബന്ധമുള്ള ഒട്ടുമിക്ക തോടുകളും വറ്റി. അച്ചൻകോവിൽ വനത്തിലെ തൂവൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന അച്ചൻകോവിലാറും ഇരട്ടകല്ലാർ പ്രദേശത്തെ രണ്ടാറ്റും മൂഴിയിൽ നിന്ന് ഉത്ഭവിക്കുന്ന കല്ലാറും ഒഴുകുന്നത് വനമേഖലകളിലൂടെയാണ്. പ്രമാടം, കോന്നി താഴം, മാരൂർപാലം, കൊട്ടാരത്തിൽ കടവ് , ഐരവൺ കുടിവെള്ള പദ്ധതികളുടെ ജലവിതരണത്തിന് അച്ചൻകോവിലാറിനെയാണ് ആശ്രയിക്കുന്നത്.
തണ്ണിത്തോട്, മലയാലപ്പുഴ കുടിവെള്ള പദ്ധതികൾക്ക് കല്ലാറ്റിലെ വെള്ളവും ഉപയോഗിക്കുന്നു. കുടിവെള്ള പദ്ധതികളുടെ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടു തുടങ്ങി. ജലനിരപ്പ് കുറഞ്ഞതോടെ കല്ലാറിന്റെ ഒട്ടു മിക്കപ്രദേശങ്ങളും കൽപ്പരപ്പുകളായി. വനമേഖലകളുടെ ഭാഗങ്ങളിൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ നദികളിൽ വെള്ളം കുടിക്കാൻ എത്തുന്ന കാഴ്ചകൾ ഇപ്പോൾ കാണാനാകും.
വേനൽ കടുത്താൽ വരും ദിവസങ്ങളിൽ വെളളം തേടി അലയേണ്ടി വരും. കിണറുകളും കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈനുകൾ എത്താത്ത പ്രദേശങ്ങളിലുള്ളവരാണ് കൂടുതൽ വലയുന്നത്. പൈപ്പുലൈനുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതും കുടിവെള്ള വിതരണത്തെ ബാധിക്കുന്നു.
മലയാലപ്പുഴ, കോന്നി താഴം മേഖലകളിൽ പമ്പ് ഹൗസിൽ നിന്ന്
കൃത്യമായി വെള്ളം പമ്പ് ചെയ്യാത്തതും കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |