തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐ.ടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താൻ കൊച്ചിയിൽ നിന്ന് യൂറോപ്പിലേയ്ക്ക് എല്ലാ ദിവസവും നേരിട്ടുള്ള ഫ്ലൈറ്റ് യാഥാർത്ഥ്യമാക്കുന്നതിനായി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ഒരു ദിവസം മാത്രമാണ് ഈ ഫ്ലൈറ്റുള്ളത്. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ആഗോള-നിക്ഷേപ സംഗമത്തിന് മുന്നോടിയായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) വ്യവസായ-വാണിജ്യവകുപ്പുമായി സഹകരിച്ച് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഐ.ടി കമ്പനി മേധാവികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനനടപടികൾ ആരംഭിച്ചു. ശബരിമല വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാകും. ചില സ്ഥലങ്ങളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.കോവളം-ബേക്കൽ ജലപാതയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കോവളം-ചേറ്റുവ ജലപാതയുടെ പ്രവർത്തനം ഉടൻ പൂർത്തിയാകും. കണ്ണൂരിലും കൊല്ലത്തും ഐ.ടി പാർക്കുകൾ യാഥാർത്ഥ്യമാകും. എ.ഐയുടെ രംഗത്ത് സർക്കാർ ഇടപെടലുകൾ ആവശ്യമാണ്. ഏഴാംക്ലാസ് മുതലുള്ള സ്‌കൂൾ പാഠ്യപദ്ധതിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വികസനക്കുതിപ്പിന്റെ അംബാസഡർമാരായി ഐ.ടി രംഗത്തെ പ്രമുഖർ മാറണം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയിൽ സംസ്ഥാനം മുൻനിരയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ടി രംഗത്തെ വനിതകൾക്കായി പിങ്ക്പാർക്ക് ആരംഭിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജി.സി.സി)നയത്തിനായുള്ള കരട് രൂപം തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ-വാണിജ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്സ് ഐ.ടി സെക്രട്ടറി രത്തൻ യു.ഖേൽക്കർ, ഐ.ബി.എസ് സോഫ്ട്‌വെയർ സ്ഥാപകനും എക്സിക്യുട്ടീവ് ചെർമാനുമായ വി.കെ.മാത്യൂസ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്.ഹരികിഷോർ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ എന്നിവരും പങ്കെടുത്തു.
തെറ്റിദ്ധാരണ നീങ്ങിയെന്ന് കമ്പനികൾ
കേരളം നിക്ഷേപ സൗഹൃദമല്ലെന്നുള്ള തെറ്റിദ്ധാരണയുണ്ടായിരുന്നെന്നും പ്രവർത്തനം ആരംഭിച്ചപ്പോൾ അത് നീങ്ങിയതായും ഐ.ടി മേധാവികൾ പറഞ്ഞു. കണക്ടിവിറ്റി, വ്യവസായങ്ങളും അക്കാഡമിക് ബന്ധവും, മാനവവിഭവശേഷിയെ ആകർഷിക്കൽ, ദേശീയപാത 66നെ ഐ.ടി കോറിഡോറാക്കി മാറ്റുന്നത്, ഐ.ടി മേഖലയെ വ്യവസായമായി പരിഗണിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |