ന്യൂഡൽഹി : ഈ മാസം 28ന് ഉത്തരാഖണ്ഡിൽ തുടങ്ങുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കുക പ്രയാസമാകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അതേസമയം കളരിപ്പയറ്റ് മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധിയേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഉഷ വ്യക്തമാക്കി. ഉത്തരഖാണ്ഡ് ഒരുക്കങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ പുതിയ ഇനം ഉൾപ്പെടുത്തുന്നത് പ്രയാസമാണെന്നാണ് ഉഷയുടെ പക്ഷം. ഗോവ ദേശീയ ഗെയിംസിൽ മത്സര ഇനമായിരുന്ന കളരിപ്പയറ്റിനെ ഇത്തവണത്തെ ആതിഥേയരായ ഉത്തരാഖണ്ഡ് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് പ്രദർശന ഇനം മാത്രമാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ ഹരിയാന സ്വദേശിയും കഴിഞ്ഞ ഗെയിംസിൽ ഹരിയാനയ്ക്ക് വേണ്ടി കളരിപ്പയറ്റിൽ വെങ്കലമെഡലുകൾ നേടിയിരുന്ന താരവുമായ ഹർഷിത യാദവ് നൽകിയ ഹർജിയിൽ കളരിയെ ഇക്കുറിയും മത്സരഇനമായി തന്നെ നിലനിറുത്താൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
2023ലെ ഗോവ ഗെയിംസിൽ 36 സ്വർണവും 24 വെള്ളിയും 27 വെങ്കലങ്ങളുമടക്കം 87 മെഡലുകളുമായി കേരളം അഞ്ചാം സ്ഥാനത്തായിരുന്നു. കേരളത്തിന്റെ 19 സ്വർണങ്ങളും കളരിയിൽ നിന്നായിരുന്നു. രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 22 മെഡലുകൾ ആകെ ലഭിച്ചു. ഇത്തവണത്തെ ഗെയിംസിൽ നിന്ന് കളരിയെ ഒഴിവാക്കിയത് കേരളത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് തന്നെ തിരിച്ചടിയായിരുന്നു.
ഉഷ ഇന്ന് തിരുവനന്തപുരത്ത്
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ ഇന്ന് തിരുവനന്തപുരത്തെ കേരള ഒളിമ്പിക് അസോസിയേഷൻ ഓഫീസ് സന്ദർശിക്കും. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിനുള്ള കേരള ടീമിന് കെ.ഒ.എ നൽകുന്ന യൂണിഫോം പുറത്തിറക്കുന്ന ചടങ്ങിനായാണ് ഉഷ എത്തുന്നത്. കേരള ഒളിമ്പിക് അസോസിയേഷന്റേയും മറ്റ് സംസ്ഥാന കായിക അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഉഷയെ സ്വീകരിക്കും. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരഇനമാക്കണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാൻ പിന്തുണ തേടി കളരി ഫെഡറേഷൻ ഭാരവാഹികൾ ഉഷയ്ക്ക് കത്തുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |