ഇഗ ഷ്വാംടെക് ഓസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ
എതിരാളി ബ്രിട്ടീഷ് താരം എമ്മ റാഡുകാനു
മെൽബൺ : മുൻ ലോക ഒന്നാം നമ്പർ താരവും നാലു ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയുമായ പോളണ്ട് താരം ഇഗ ഷ്വാംടെക് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നു. ആദ്യമായി ഒരു ഗ്രാൻസ്ളാമിന്റെ രണ്ടാം റൗണ്ടിൽ കളിച്ച സ്ളൊവാക്യയുടെ റബേക്ക സ്രംകോവയെയാണ് ഇഗ ഇന്നലെ തോൽപ്പിച്ചത്. സ്കോർ : 6-0,6-2. മൂന്നാം റൗണ്ടിൽ ബ്രിട്ടീഷ് താരവും മുൻ യു.എസ് ഓപ്പൺ ചാമ്പ്യനുമായ എമ്മ റാഡുകാനുവാണ് ഇഗയുടെ എതിരാളി. രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം അനിസിമോവയെ 6-3,7-5 എന്ന സ്കോറിനാണ് എമ്മ കീഴടക്കിയത്.
2020ന് ശേഷം കളിച്ച എല്ലാ ഗ്രാൻസ്ളാമുകളിലും മൂന്നാം റൗണ്ടിലെത്തിയ ഏക താരമാണ് ഇഗ.
40 മത്സരങ്ങളാണ് തുടർച്ചയായി ഇഗ ഗ്രാൻസ്ളാമുകളുടെ ആദ്യ രണ്ട് റൗണ്ടുകളിൽ കളിച്ചത്.
ഇന്നലെ നടന്ന മറ്റ് രണ്ടാം റൗണ്ട് മത്സരങ്ങളിൽ പുരുഷ ടോപ് സീഡ് യാന്നിക് സിന്നർ,എട്ടാം സീഡ് ഡി മിനേയുർ,നാലാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സ്,വനിതാ വിഭാഗം നാലാം സീഡ് യാവോ പാവോലിനി,എട്ടാം സീഡ് എമ്മ നവാരോ,ആറാം സീഡ് റൈബാക്കിന എന്നിവർ വിജയം നേടി. സിന്നർ 4-6,6-4,6-1,6-3 എന്ന സ്കോറിന് ഓസ്ട്രേലിയയുടെ വൈൽഡ് കാർഡ് എൻട്രി ട്രിസ്റ്റൺ സ്കൂൾകേറ്റിനെയാണ് തോൽപ്പിച്ചത്.മിനേയുർ 6-2,6-4,6-3ന് ക്വാളിഫയർ ബോയേറിനെ കീഴടക്കി. യാവോ പാവോലിന 6-2,6-3ന് മെക്സിക്കോയുടെ റെനാറ്റ സറൗസയെയാണ് രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്.
ബാലാജി സഖ്യത്തിന് വിജയം
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എൻ.ശ്രീറാം ബാലാജി - മെക്സിക്കോയുടെ മിഗ്വേൽ വരേല സഖ്യം രണ്ടാം റൗണ്ടിലെത്തി.ആദ്യ റൗണ്ടിൽ നീഡോവീസോവ്-ഹേസ് സഖ്യത്തെ 6-4,6-3 എന്ന സ്കോറിനാണ് ബാലാജി സഖ്യം തോൽപ്പിച്ചത്. അതേസമയം ഇന്ത്യയുടെ റിത്വിക് ചൗധരി ബൊല്ലിപ്പള്ളി-അമേരിക്കയുടെ സെഗ്ഗർമാൻ സഖ്യവും ഇന്ത്യയുടെ അനിരുദ്ധ് ചന്ദ്രശേഖർ- ഡ്രെസേവ്സ്കി സഖ്യവും നെടുഞ്ചേഴിയൻ - പ്രശാന്ത് സഖ്യവും ആദ്യ റൗണ്ടിൽ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |