തിരുവനന്തപുരം: ബഹിരാകാശ ദൗത്യത്തിൽ ലോകശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് വീണ്ടുമൊരു ആഹ്ളാദ മുഹൂർത്തം. ബഹിരാകാശത്ത് ഭൂമിയെ വലം വച്ചുകൊണ്ടിരിക്കുന്ന രണ്ട് ഉപഗ്രഹങ്ങളെ പരസ്പരം കൂട്ടിയോജിപ്പിച്ച് ഐ.എസ്.ആർ.ഒ ചരിത്രം കുറിച്ചു. സ്പേയ്സ് ഡോക്കിംഗ് എക്സ്പെരിമെന്റ് (സ്‌പേഡക്സ്) ദൗത്യം വിജയം. ഇൗ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ചെെന എന്നിവയാണ് മറ്റു രാജ്യങ്ങൾ.
ഇന്നലെ പുലർച്ചെയായിരുന്നു ഉപഗ്രഹങ്ങളുടെ നിർണായക കൂടിച്ചേരൽ. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങളെയാണ് ഭൂമിക്ക് 476 കിലോമീറ്റർ മുകളിൽവച്ച് കൂട്ടിയോജിപ്പിച്ചത്. ഡിസംബർ 30ന് പി.എസ്.എൽ.വി.സി 60 റോക്കറ്റിലായിരുന്നു ഇവയുടെ വിക്ഷേപണം. സ്വന്തം ബഹിരാകാശ സ്റ്റേഷനുൾപ്പെടെ ഇന്ത്യൻ സ്വപ്നങ്ങളിലേക്കുള്ള ചുവടുവയ്പാണ് സ്‌പേഡക്സ് വിജയം. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ 4 പദ്ധതികൾക്കും ഊർജമേകും.
കഴിഞ്ഞ ആറിനും ഒൻപതിനും ട്രയൽ റൺ നടത്തിയശേഷമാണ് ഇന്നലെ ഡോക്കിംഗ് നടത്തിയത്. ഒരു ബഹിരാകാശ പേടകം മറ്റൊന്നുമായി 'കൈകൊടുത്ത് ' കൂടിച്ചേരുന്നതാണ് സ്പേയ്സ് ഡോക്കിംഗ്. രണ്ടിൽ ഏതു പേടകത്തെ വേണമെങ്കിലും ചേസറായും (പിന്തുടരുന്നത്) ടാർഗറ്റായും (ലക്ഷ്യംവയ്ക്കുന്നത്) മാറ്റാനാകുന്ന 'ആൻഡ്രോജിനസ് ഡോക്കിംഗ്' രീതിയാണ് ഐ.എസ്.ആർ.ഒ സ്വീകരിച്ചത്. ദൗത്യം വിജയമാണെന്ന് ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാൻ ഡോ.വി.നാരായണൻ അറിയിച്ചു.
നിർണായക ഘട്ടങ്ങൾ
ബഹിരാകാശത്ത് ഭൂമിക്കുചുറ്റും സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് ഉപഗ്രഹങ്ങളെ വേഗതയും ഗതിയും നിയന്ത്രിച്ച് 5 കിലോമീറ്റർ അടുപ്പിച്ചു
രണ്ടുദിവസംമുമ്പ് ഒന്നര കി. മീറ്റർ, 500മീറ്റർ, 225മീറ്റർ, 15മീറ്റർ എന്നിങ്ങനെ അകലം കുറച്ചു
ഇന്നലെ പുലർച്ചെ 15 മീറ്ററിൽ നിന്ന് മൂന്ന് മീറ്ററും തുടർന്ന് ഒരു മീറ്ററുമായി അകലം വീണ്ടും കുറച്ചു
ഉപഗ്രഹങ്ങളിലെ കമാൻഡ് പ്രോസസിംഗ്,ഡേറ്റ സ്വീകരിക്കൽ,സ്ഥിരത നിലനിറുത്തൽ,വിവിധ മോട്ടോറുകളുടെ പ്രവർത്തനം എന്നിവയെല്ലാം ഏകോപിപ്പിച്ചു. പേടകങ്ങളിലെ കമ്പ്യൂട്ടർ സംവിധാനം കൃത്യത കാണിച്ചതോടെ ഡോക്കിംഗ് കമാൻഡ് നൽകി
ഉപഗ്രഹങ്ങളുടെ വേഗത സെക്കൻഡിൽ 10മില്ലിമീറ്ററായി കുറച്ച് വീണ്ടും അടുപ്പിച്ചു
പേടകങ്ങളുടെ കൊളുത്തുകൾ പരസ്പരം ചേർത്തു. പിന്നീട് ഒന്ന് മറ്റൊന്നിനുള്ളിലേക്ക് സങ്കോചിച്ചു ചേർന്നു. തുടർന്ന് കൃത്യമായി ഒരുമിച്ച്, ഉലയാതെ ഒറ്റ യൂണിറ്റായി മാറി
ഒരു പേടകത്തിൽനിന്ന് മറ്റൊന്നിലേക്ക് വൈദ്യുതി കടത്തിവിട്ടും ഡേറ്റ കൈമാറിയും ഡോക്കിംഗ് ഉറപ്പാക്കി.
നേട്ടങ്ങൾ
1.ഇന്ത്യയ്ക്ക് വൻകിട ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കാനാകും. ബഹിരാകാശ മനുഷ്യ ദൗത്യത്തിന് കരുത്തേകും
2.ഗഗൻയാൻ,ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ പദ്ധതികൾ തുടങ്ങാൻ ആത്മവിശ്വാസം
3.ചന്ദ്രയാൻ 4, ചന്ദ്രനിൽ മനുഷ്യനെ ഇറക്കുക തുടങ്ങിയ പദ്ധതികൾക്ക് ഊർജമേകും
ഡിസംബർ 30: ഡോക്കിംഗ് ഇരട്ട ഉപഗ്രഹങ്ങളുടെ വിക്ഷേപണം
ജനുവരി 6: ഉപഗ്രഹങ്ങളെ 20കി. മീറ്ററിൽ നിന്ന് 500 മീറ്ററിലെത്തിച്ചു
ജനുവരി9: പിന്നീട് ഘട്ടംഘട്ടമായി 3മീറ്റർവരെ അടുപ്പിച്ചു
ജനുവരി 11: ഡോക്കിംഗിനുള്ള ആദ്യശ്രമം സിഗ്നൽ തടസപ്പെട്ടതോടെ നിറുത്തിവച്ചു
ജനുവരി16: ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി
125 കോടി
സ്‌പേഡക്സ് ചെലവ്
(ഏറ്റവും കുറഞ്ഞ ചെലവിൽ ലക്ഷ്യം
നേടിയെന്ന ഖ്യാതിയും ഇന്ത്യയ്ക്ക്)
"വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവയ്പ് പിന്നിട്ടിരിക്കുന്നു. ഡോക്കിംഗ് വിജയത്തിൽ ഐ.എസ്.ആർ.ഒയിലെ മുഴുവൻ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നു
-നരേന്ദ്രമോദി,
പ്രധാനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |