പറവൂർ: ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയൽവാസിയായ യുവാവ് ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചുകൊന്നു. മരുമകൻ അതീവ ഗുരുതരാവസ്ഥയിൽ. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (കണ്ണൻ, 60), ഭാര്യ ഉഷ (52), ഇവരുടെ മകൾ വിനിഷ (32) എന്നിവരാണ് മരിച്ചത്. വിനിഷയുടെ ഭർത്താവ് ജിതിൻ ബോസിനെ (36) എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ വീടിനു മുന്നിലെ റോഡിന് എതിർവശം താമസിക്കുന്ന ക്രിമിനൽ കേസുകളിലെ പ്രതി കണിയാംപറമ്പിൽ റിതു ജയനാണ് (26) ക്രൂരകൃത്യം ചെയ്തത്. വിനിഷയെ ശല്യം ചെയ്തതിനും വീടിന് നേരെ ആക്രമണം നടത്തിയതിനും മറ്റും റിതുവിനെതിരെ വീട്ടുകാർ വടക്കേക്കര പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലയ്ക്ക് പിന്നിലെന്ന് സൂചനയുണ്ട്.
ഇന്നലെ വൈകിട്ട് ആറു മണിക്ക് ഇരുമ്പു പൈപ്പും രണ്ടു കത്തിയുമായി വേണുവിന്റെ വീട്ടിലേക്ക് കയറിവരികയായിരുന്നു പ്രതി. അക്രമം സമീപവാസികൾ ആരും കണ്ടില്ല. പിന്നാലെ എത്തിയ റിതുവിന്റെ അമ്മ കൈരളിയാണ് അലമുറയിട്ട് ആളെ കൂട്ടിയത്. അപ്പോഴേക്കും ഇയാൾ ഇരുമ്പു പൈപ്പും രണ്ട്കത്തികളും ഉപേക്ഷിച്ച് ജിതിന്റെ ബൈക്കെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ഇയാളെ അറസ്റ്റു ചെയ്തു
വിനിഷയുടെ മക്കളായ 12ഉം 6ഉം വയസുള്ള ആരാധികയുടെയും ആവണിയുടെയും മുന്നിൽ വച്ചായിരുന്നു അക്രമം. ജിതിന്റെ സുഹൃത്തുക്കളെത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. വിനിഷയുടെ സഹോദരി: നിത.
കരിമ്പാടം സ്വദേശികളായ വേണുവിന്റെ കുടുംബം അഞ്ച് വർഷം മുമ്പാണ് ഇവിടെ വീടുവാങ്ങി താമസം തുടങ്ങിയത്. ബംഗളൂരുവിൽ ഹോട്ടൽ നടത്തുന്ന റിതു പലപ്പോഴും ചേന്ദമംഗലത്തെ വീട്ടിലുണ്ടാകാറുണ്ട്. ലഹരിക്കടിമയും മൂന്ന് കേസുകളിൽ പ്രതിയുമായ ഇയാൾ വടക്കേക്കര സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുണ്ട്. അയൽവാസികൾ എത്തിയപ്പോൾ നാലുപേരും അടിയേറ്റ് അബോധാവസ്ഥയിൽ ഡൈനിംഗ് ഹാളിൽ കിടക്കുകയായിരുന്നു. ഉഷയ്ക്ക് അനക്കമുണ്ടായിരുന്നില്ല. ആംബുലൻസ് വരുത്തിയാണ് ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |