തിരുവനന്തപുരം: വേണ്ടത്ര കൂടിയാലോചനകളില്ലാതെ കൊണ്ടുവന്ന ഒരു ഡസനിലേറെ നിയമഭേദഗതികളും ഉത്തരവുകളും തീരുമാനങ്ങളുമാണ് വിവാദമായതോടെ സർക്കാരിന് പിൻവലിക്കേണ്ടി വന്നത്. ഒന്നാം പിണറായി സർക്കാർ മുതലുള്ള ഈ പട്ടികയിലെ ഒടുവിലത്തേതാണ് വനം നിയമ ഭേദഗതി ഉപേക്ഷിക്കൽ. സർക്കാരിനെ വിമർശിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടയ്ക്കാൻ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമഭേദഗതി നേരത്തെ പിൻവലിച്ചിരുന്നു. സംഘടിതകുറ്റവാളികളെ വിചാരണയില്ലാതെ ആറുമാസം കരുതൽ തടങ്കലിലാക്കാനുള്ള കരടുനിയമവും മരവിപ്പിച്ചു.
സിൽവർ ലൈനിനായുള്ള മഞ്ഞക്കുറ്റിയിടൽ ജനരോഷത്തിൽ പൊള്ളി പിൻവാങ്ങേണ്ടിവന്നു. വഖഫ്ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ പാസാക്കിയ ബിൽ, മുസ്ലീംസംഘടനകളുടെ എതിർപ്പിനെത്തുടർന്ന് റദ്ദാക്കി. കരാർജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവും പ്രതിഷേധം കാരണം പിൻവലിച്ചു. 2018ൽ മൂന്ന് ബ്രുവറിക്കും രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയ ഉത്തരവ് വിവാദമായതോടെ റദ്ദാക്കി.
ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായുണ്ടാക്കിയ 5000കോടിയുടെ ധാരണാപത്രത്തിൽ നിന്ന് പിന്മാറേണ്ടിവന്നു. സ്വിറ്റ്സർലന്റ് കമ്പനിയുമായി ചേർന്ന് ഇ-ബസുകളുണ്ടാക്കാനും കേരള ഓട്ടോമൊബൈൽസിന്റെ ഭൂമി നൽകാനുമുള്ള ഇ-മൊബിലിറ്റി പദ്ധതിയും മരവിപ്പിച്ചു. സഹകരണബാങ്കുകളിൽ കോർബാങ്കിംഗിന് നൽകിയ 160കോടിയുടെ കരാർ വിവാദമായതോടെ റദ്ദാക്കി. സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയതും പിൻവലിക്കേണ്ടിവന്നു.
റദ്ദാക്കിയതിൽ ബസ്
സ്റ്റാൻഡിലെ മദ്യശാലയും
കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ മദ്യശാല അനുവദിക്കുമെന്ന പ്രഖ്യാപനവും പിൻവലിച്ച് തലയൂരി
കൊവിഡ് വിവരശേഖരണത്തിന് അമേരിക്കൻകമ്പനി സ്‌പ്രിൻക്ലറുമായുണ്ടാക്കിയ കരാർ പുതുക്കിയില്ല
പമ്പാത്രിവേണിയിലെ 1.28ലക്ഷം ഘനയടി മണലും ചെളിയുംനീക്കി കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള പദ്ധതിയും റദ്ദാക്കി
മഹാപ്രളയത്തിൽ ഡാമുകളിലടിഞ്ഞ 500കോടിയുടെ മണൽനീക്കാൻ ടെൻഡറില്ലാതെ റഷ്യൻമലയാളിയുടെ കമ്പനിക്ക് കരാറിനൊരുങ്ങിയെങ്കിലും പിൻവലിഞ്ഞു
കുളമാക്കുന്നത്
ഉദ്യോഗസ്ഥർ
ഉദ്യോഗസ്ഥരുടെ വാക്കുകേട്ടെടുത്ത തീരുമാനങ്ങളാണ് പിൻവലിച്ചവയിൽ ഭൂരിഭാഗവും. പൊലീസ് നിയമഭേദഗതിക്ക് പിന്നിൽ അന്നത്തെ ചീഫ്സെക്രട്ടറി വിശ്വാസ്‌മേത്തയും ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയുമായിരുന്നു. വനം നിയമഭേദഗതി ഉന്നതഉദ്യോഗസ്ഥരുടെ സമ്മർദ്ദത്താലായിരുന്നു. സ്പ്രിൻക്ലർ, ഇ-മൊബിലിറ്രി പദ്ധതികൾക്ക് പിന്നിലും ഐ.എ.എസുകാരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |