തിരുവല്ല: മുത്തൂർ ഗവ.എൽ.പി സ്‌കൂളിലെ മരം മുറിക്കുന്നതിനിടെ റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയും പൊലീസും നൽകിയ വിവരാവകാശ മറുപടി പുറത്തുവന്നു. കഴിഞ്ഞ നവംബർ 24ന് നടന്ന സംഭവത്തിൽ മരംമുറിയ്ക്കുന്നത് സംബന്ധിച്ച് തിരുവല്ല നഗരസഭ പൊലീസിനെ അറിയിച്ചെന്നും എന്നാൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് തിരുവല്ല പൊലീസും വിവരാവകാശ രേഖയിൽ നിലപാട് വ്യക്തമാക്കുന്നു.
തിരക്കേറിയ മുത്തൂർ - കുറ്റപ്പുഴ റോഡിലേക്ക് മരം മുറിച്ചിടുന്നതിന് റോഡിന് കുറുകെ കെട്ടിയ പ്ലാസ്റ്റിക് കയറിൽ കുരുങ്ങി ബൈക്ക് യാത്രികനായ ആലപ്പുഴ തകഴി കുന്നുമ്മ കുറപ്പൻചേരിയിൽ കെ.എസ്. സിയാദാണ് (32) മരണപ്പെട്ടത്. അപകടത്തെതുടർന്ന് മരംമുറിക്കാൻ കരാർ ഏറ്റെടുത്ത കവിയൂർ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ നഗരസഭ പൊലീസിനെയും പൊതുമരാമത്ത് അധികൃതരെയും അറിയിച്ചതായി രംഗത്ത് വന്നിരുന്നു. എന്നാൽ മരം മുറിയുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നുള്ള പൊതുമരാമത്തു വകുപ്പിന്റെ വിവരാവകാശരേഖയും പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്‌സിങിന് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിൽ വിവരാവകാശരേഖ തെളിവായി ഹാജരാക്കുമെന്ന് അഡ്വ.കുളത്തൂർ ജയ്‌സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |