2026 ജനുവരി മുതൽ
പുതിയ ശമ്പള സ്‌കെയിൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കാലാനുസൃതമായ ശമ്പള വർദ്ധനവ് ശുപാർശ ചെയ്യാനുള്ള എട്ടാം ശമ്പളക്കമ്മിഷൻ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. 2026 ജനുവരി ഒന്നു മുതൽ ശമ്പള പരിഷ്കരണം നിലവിൽ വരുന്ന രീതിയിൽ കമ്മിഷൻ ശുപാർശകൾ സമർപ്പിക്കും. കമ്മിഷൻ അദ്ധ്യക്ഷനെയും രണ്ട് അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു.
പണപ്പെരുപ്പം ഉൾപ്പെടെയുള്ള വിവിധ സാമ്പത്തിക സൂചികകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 41,000 രൂപയായി ശുപാർശ ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. 49 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 65ലക്ഷം പെൻഷൻകാർക്കും ഇത് പ്രയോജനപ്പെടും.
ശമ്പള പരിഷ്കരണം
10 കൊല്ലത്തിലൊരിക്കൽ
പത്തു വർഷത്തിലൊരിക്കലാണ് ശമ്പള കമ്മിഷൻ രൂപീകരിക്കുന്നത്. 2014 ഫെബ്രുവരി 28 ന് മൻമോഹൻ സിംഗ് സർക്കാർ രൂപീകരിച്ച ഏഴാം ശമ്പള കമ്മിഷൻ 2015 നവംബർ 19 ന് സമർപ്പിച്ച ശുപാർശകൾ 2016 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ ചെയ്‌ത 2.57 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം അടിസ്ഥാന ശമ്പളം 7000 രൂപയിൽ നിന്ന് 17,990 രൂപയായി ഉയർന്നിരുന്നു.
ജീവനക്കാരുടെ ആവശ്യം
ഫിറ്റ്മെന്റ് ഫാക്‌ടർ 2.86 ആയി ഉയർത്തി അടിസ്ഥാന ശമ്പളം 51,451 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |