തിരുവനന്തപുരം: വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ധനകാര്യ വകുപ്പിലെ താത്കാലിക ജീവനക്കാരനെഴുതിയ 'വാഴ്ത്തുപാട്ട് "വേദിയിലിരുന്ന് കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷച്ചടങ്ങായിരുന്നു രംഗം
'ചെമ്പടയ്ക്കു കാവലായ് ചെങ്കനൽ കണക്കൊരാൾ, ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കയായ്. തൊഴിലിനായി പൊരുതിയും ജയിലറകൾ നേടിയും ശക്തമായ മർദ്ദനങ്ങളേറ്റ ധീരസാരഥി". എന്നു തുടങ്ങുന്ന ഗാനമാണ് സെക്രട്ടേറിയറ്റ് ജീവനക്കാർ ആലപിച്ചത്. ഫീനിക്സ് പക്ഷി, സമരധീര സാരഥി, പടനായകൻ തുടങ്ങിയ സ്തുതിവാക്കുകൾ സ്വാഗത ഗാനത്തിലുണ്ട്. ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെ വേദിയിലേക്കാനയിച്ചിരുത്തിയത്.
മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയപ്പോഴും ഗാനാലാപനം നടന്നു. സംതൃപ്തമായ മുഖഭാവത്തോടെയാണ് മുഖ്യമന്ത്രി വേദി വിട്ടത്. അസോസിയേഷൻ സുവർണജൂബിലി മന്ദിരോദ്ഘാടനം ഊറ്റുകുഴിയിലും പൊതുസമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിലുമായിരുന്നു. മുഖ്യമന്ത്രി മന്ദിരം ഉദ്‌ഘാടനം ചെയ്യുന്ന സമയത്ത് ഗാനം ആലപിക്കുകയും വേദിയിലെത്തുന്നതിന് മുൻപ് നിറുത്തുകയും ചെയ്യുമെന്നായിരുന്നു സംഘാടകർ പറഞ്ഞത്. 'കാരണഭൂതൻ" തിരുവാതിര വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാൽ പിന്നീട് തീരുമാനം പിൻവലിച്ചു. അധിക്ഷേപങ്ങൾക്കിടെ കുറച്ച് പുകഴ്ത്തലാകാമെന്ന് ഗാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. സ്വാഗതഗാനത്തിൽ മുഖ്യമന്ത്രിയുടെ പേരുച്ചരിച്ചാൽ എന്താണ് കുഴപ്പമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് എം.എൽ.എ പ്രസംഗത്തിനിടെ ചോദിച്ചു. ഇന്നത്തെ കേരളം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അതൊന്ന് പറഞ്ഞുപോയാൽ, കുറെയാളുകൾക്ക് സഹിക്കുന്നില്ലെന്നും വി. ജോയ് പറഞ്ഞു.
സ്തുതിക്കുന്നതിൽ
എന്താണ് കുഴപ്പം ?
നമ്മുടെ രക്ഷകനെ സ്തുതിക്കുന്നതിലെന്താണ് കുഴപ്പമെന്നാണ് രചയിതാവ് പൂവത്തൂർ ചിത്രസേനന്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്ത്യാരാധന ഇല്ലല്ലോയെന്ന ചോദ്യത്തിന് ചിത്രസേനന്റെ മറുപടി ഇങ്ങനെ: 'പണ്ട് എന്റെ വീട് ഓലമേഞ്ഞതായിരുന്നു ഭക്ഷണം കഴിക്കുമ്പോൾ മുകളിൽനിന്ന് പഴുതാരയും അട്ടയുമൊക്കെ വീഴുമായിരുന്നു. ഇന്ന് വീഴില്ല, കാരണം വീട് ടെറസാണ്. നമ്മൾ കാലത്തിനനുസരിച്ച് മാറണം." സുവർണജൂബി മന്ദിരോദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഗാനമെഴുതണമെന്ന് സംഘടനയുടെ പ്രസിഡന്റ് പി.ഹണിയാണ് നിർദ്ദേശിച്ചത്., മുഖ്യമന്ത്രിയെക്കുറിച്ച് സൂചിപ്പിക്കണമെന്നേ അദ്ദേഹം പറഞ്ഞുള്ളൂ. ഞാൻ എഴുതിവന്നപ്പോൾ ഇങ്ങനെയായി ഞങ്ങളുടെയെല്ലാം സംരക്ഷകന് ഗാനം അർപ്പിച്ചതാണ്- ചിത്രസേനൻ പറഞ്ഞു.
കഞ്ചിക്കോട്ട് ബ്രൂവറിയും മദ്യനിർമ്മാണ പ്ളാന്റും ആരംഭിക്കാൻ ഒയാസിസ് കൊമേർഷ്യൽ കമ്പനിക്ക് അനുമതി നൽകാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിൽ ദുരൂഹതയുണ്ട്. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങൾ എന്താണെന്നും പറയണം.
-വി.ഡി.സതീശൻ
പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |