തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടിന് പന്തളം സപ്ലൈകോ ലാഭം മാർക്കറ്റിലെ മുൻ മാനേജരും നിലവിൽ അടൂർ താലൂക്ക് സപ്ലൈ ഓഫീസിലെ എൽ.ഡി ക്ലാർക്കുമായ വി.എസ്.രമേശിന് 16വർഷം കഠിനതടവ്. 3,20,000 രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2006- 07 കാലഘട്ടത്തിൽ പന്തളം സപ്ലൈകോ ലാഭം മാർക്കറ്റിലെ മാനേജരായിരുന്ന രമേശൻ വിവിധ രജിസ്റ്ററുകളിൽ തിരുത്തി പല ദിവസങ്ങളിലെ വിറ്റുവരവ് തുകയിൽ നിന്നും 3,20,840രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. ചെക്ക് ലീഫുകൾ തിരുത്തി തുക പെരുപ്പിച്ച് കാട്ടി ക്രമക്കേട് മൂടിവച്ചു. തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്നാം യൂണിറ്റാണ് കുറ്റപത്രം നൽകിയത്. രണ്ട് വർഷങ്ങളിലായി നടന്ന ക്രമക്കേടായതിനാൽ രണ്ട് കേസുസുകളിൽ വിവിധ വകുപ്പുകളിലാണ് ശിക്ഷയെന്ന് വിജിലൻസ് കോടതി ജഡ്ജി രാജകുമാര.എം.വിയുടെ ഉത്തരവിൽ പറയുന്നു. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത് കുമാർ.എൽ.ആർ ഹാജരായി. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |