ന്യൂഡൽഹി : 'അമർഗ്രാം' ജനസമ്പർക്ക പരിപാടിയുമായി ബംഗാൾ രാജ്ഭവനിൽ നിന്ന് ആദിവാസി ഊരുകളിലേക്കിറങ്ങി ഗവർണർ ഡോ. സി.വി. ആനന്ദ ബോസ്.
കേരളത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരിക്കെ അദ്ദേഹം ആവിഷ്‌ക്കരിച്ച ‘ഫയലിൽ നിന്ന് വയലിലേക്ക്’ പരിപാടിയുടെ മാതൃകയിലാണിത്. സുന്ദർബൻ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിൽ സി.വി. ആനന്ദ ബോസ് നേരത്തെ തുടങ്ങിവച്ച പദ്ധതി, കഴിഞ്ഞദിവസം പൂർബ ബർദ്ധമാനിലെ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര ഊരുകളിൽ സംഘടിപ്പിച്ചു. ആനന്ദബോസ് ബംഗാളിൽ ഗവർണറായി ചുമതലയേറ്റപ്പോൾ തുടങ്ങി വച്ച ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം എഡിഷനാണ് ‘അമർഗ്രാം’. സമ്പന്നമായ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ‘സാന്താലി’ നൃത്തപ്രകടനവുമായാണ് ഗോത്രസമൂഹം ഗവർണറെ വരവേറ്റത്. മന്ത്രിമാരെപ്പോലും നേരിൽ കണ്ടിട്ടില്ലാത്ത ആദിവാസികൾക്കിത് വിസ്‌മയവും പുത്തൻ അനുഭവവുമായിരുന്നു. അവരുടെ ദൈനംദിന ജീവിതം ഗവർണർ ചോദിച്ചറിഞ്ഞു. കുട്ടികൾ, സ്ത്രീകൾ എന്നിവരുൾപ്പെടെ എല്ലാവരുടെയും പ്രശ്‌നങ്ങൾ കേട്ടു. ഗോത്ര കുടുംബങ്ങൾക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |