ഏകദേശം അഞ്ചുവർഷംമുമ്പ് അമേരിക്കയിൽ ഫ്ളോറിഡയിലെ സ്പേസ് സെന്റർ സന്ദർശന സമയത്ത് അവരുടെ ഒരു തിയേറ്ററിൽ കണ്ട ത്രീഡി ഫിലിമിന്റെ ഓർമ്മയാണ് മനസിൽ. ബഹിരാകാശ നിലയത്തിലെ ക്രൂവിനെ മാറ്റിസ്ഥാപിക്കാൻ ഭൂമിയിൽ നിന്നും അയച്ച പേടകം നിലയത്തിലേക്ക് പറക്കുന്നതും വളരെ അടുത്തെത്തി, തമ്മിൽ ഒട്ടിച്ചേരുന്നതും അതിനുശേഷം രണ്ടിന്റേയും ഇടയ്ക്കുള്ള വാതിലുകൾ തുറന്ന് പേടകത്തിൽനിന്നുള്ളവർ നിലയത്തിലേക്ക് നുഴഞ്ഞ് പ്രവേശിക്കുന്നതും രണ്ടുകൂട്ടരും പരസ്പരം ആശ്ളേഷിച്ച് ആഹ്ളാദിക്കുന്നതും കണ്ട് മനസ് നിറഞ്ഞപ്പോൾ, നമുക്ക് ഇൗ വിദ്യ എന്ന് സ്വായത്തമാക്കാൻ കഴിയുമെന്ന് മോഹിച്ചുപോയി.
ഡോക്കിംഗ് കഴിഞ്ഞശേഷം പേടകം നിലയത്തോടൊപ്പം ഒട്ടിപ്പിടിച്ചിരിക്കുന്നതും ഒന്നായി പ്രദക്ഷിണം ചെയ്യുന്നതും കാണിച്ചു. വളരെ സങ്കീർണമായ സാങ്കേതിക വിദ്യ.
കഴിഞ്ഞ ഒരാഴ്ചയായി ശൂന്യാകാശത്ത് ഒരേ ഭ്രമണപഥത്തിൽ മുന്നിലും പുറകിലുമായി ഏറെക്കുറെ ഒരേ വേഗത്തിൽ സഞ്ചരിച്ചുകൊണ്ട് ഡോക്കിംഗിന് അനുയോജ്യമായ സാഹചര്യം ഒത്തുവരാൻ കാത്തിരിക്കുന്ന ഐ.എസ്.ആർ.ഒ ടീമിന്റെ ആകാംക്ഷ ഞാനും അനുഭവിക്കുകയായിരുന്നു.
ഇൗ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആ ശുഭവാർത്ത കേൾക്കാൻ കൊതിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒാഫീസിലേക്ക് പുറപ്പെടുംമുൻപും ഒരു വിവരവും കിട്ടിയില്ല. പത്തുമണിക്ക് ഗവ.വിമൻസ് കോളേജിന്റെ 125-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ അവിടെ മുഖ്യപ്രഭാഷണത്തിനെത്തിയ വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണനിൽ നിന്നാണ് ഡോക്കിംഗ് വിജയിച്ചെന്ന സന്തോഷ വാർത്ത കേട്ടത്.
ഏകദേശം 20വർഷംമുൻപ് വി.എസ്.എസ്.സിയിൽ തുടങ്ങിയ പ്രോജക്ട് ആണ് 'ഹ്യൂമൻ ഇൻ സ്പേസ്' (എച്ച്.എസ്.പി). അന്നുമുതൽ ആ പദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നത് ഉണ്ണികൃഷ്ണനായിരുന്നു. സമർത്ഥനായ അദ്ദേഹത്തിൽനിന്ന് തന്നെ ഇൗ ശുഭവാർത്ത കേൾക്കാൻ കഴിഞ്ഞത് അതിലും സന്തോഷം. ബഹിരാകാശത്ത് മനുഷ്യരെ അയയ്ക്കാനുള്ള ''ഗഗൻയാൻ" പദ്ധതി പ്രാധാന്യത്തോടെ മുന്നോട്ടുപോകുന്ന ഇൗ അവസരത്തിൽ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള പ്രാരംഭസാങ്കേതിക വിദ്യകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡോക്കിംഗ് വിദ്യ.
മാത്രമല്ല, ചന്ദ്രനിൽനിന്നും അമൂല്യദ്രവ്യങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരണമെങ്കിൽ ഭ്രമണപഥത്തിലുള്ള ഓർബിറ്ററിലേക്ക് ചന്ദ്ര ഉപരിതലത്തിൽനിന്നും ദ്രവ്യസാമ്പിളുകളുമായി പുറപ്പെടുന്ന പേടകം കൂട്ടിയോജിപ്പിക്കാനും ഇൗ വിദ്യയിൽ വിജയിക്കണം. അങ്ങനെ നോക്കിയാൽ ബഹിരാകാശ ഗവേഷണത്തിൽ അതിപ്രധാനമായ പല പരീക്ഷണങ്ങൾക്കും ഡോക്കിംഗ് വിദ്യ അത്യാവശ്യമാണ്. ഇൗ ഗവേഷണ മേഖലയിൽ ഏറ്റവും പുറകിൽനിന്നും ഓടിയെത്തിയ നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്നത് അതിപ്രധാനമായ ഒരു നാഴികക്കല്ലിലാണ്.
അതിഗംഭീരം
ഐ.എസ്.ആർ.ഒയിലെ പുതിയ തലമുറയിലെ വിദഗ്ദ്ധ സംഘത്തിന് അഭിമാനവും ആത്മവിശ്വാസവും മുന്നോട്ടുപോകാനുള്ള ആവേശവും നൽകുന്നതാണ് ഇൗ വിജയം.
എളിയ രീതിയിൽ 60 വർഷം മുൻപ് നമ്മൾ തുടങ്ങിയ സംരംഭത്തിൽ പല പരാജയങ്ങളും പരിഹാസങ്ങളും തുടക്കത്തിൽ നേരിടേണ്ടിവന്നെങ്കിലും അതിനുശേഷമുള്ള വിജയ ഘോഷയാത്രയിൽ ചന്ദ്രയാൻ -3ന്റെ വിജയശേഷം ഇന്നലത്തെ ഡോക്കിംഗ് വിജയം അതിഗംഭീരമാണ്.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും
വി.എസ്.എസ്.സി മുൻ ഡയറക്ടറുമാണ് ലേഖകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |