ലോകം നടുങ്ങിയ 15 മാസങ്ങൾ
'എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. അവസാനം.. ഇത് ഏറ്റവും മനോഹരമായ വികാരമാകുന്നു.'
ചരിത്രപരമായ വെടിനിറുത്തൽ പ്രഖ്യാപനത്തിനു പിന്നാലെ തെരുവിലിറങ്ങി ആഹ്ലാദിച്ച ജനക്കൂട്ടക്കിനു നടുവിൽ നിന്ന് നൂർ അൽ ഷാന എന്ന യുവതി വിളിച്ചുപറഞ്ഞു. 15 മാസമായി രക്തവും നാശവും കണ്ട് മനസ് മരവിച്ച ജനതയുടെ മുഖത്ത് ചിരികൾ വിടർന്നു. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കു മുമ്പിൽ നിന്ന് അവൾ പറഞ്ഞു, 'എല്ലാവരും പാലസ്തീനികൾക്കൊപ്പം നിൽക്കുമെന്നും ഗാസയെ വീണ്ടും നിർമ്മിച്ചെടുക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും മനോഹരമായ നഗരമായി ഗാസ മാറും. '
ലോകം നടുങ്ങിയ കൂട്ടക്കുരുതി.. ഗാസയിൽ മാത്രം 46,000ലധികം ജീവനുകൾ ഇല്ലാതായി. ഒരായുസ് മുഴുവൻ കഷ്ടപ്പെട്ട് നേടിയതെല്ലാം കൺമുന്നിൽ തകർന്ന് അടിഞ്ഞതു കണ്ട് മരിച്ചതിനു തുല്യമായി ജീവിക്കുന്ന ജനത, കുട്ടികളുടെ അലമുറകളാൽ നിറഞ്ഞ, ചോരയും മൃതദേഹങ്ങളും കണ്ട് മരവിച്ചുപോയ 15 മാസങ്ങൾ..
കൺമുന്നിൽ തുടച്ചുനീക്കപ്പെട്ടത് കണക്കുകളിൽ ഒതുങ്ങാത്ത ജീവിതങ്ങൾ.. ഒരു നേട്ടവും ആർക്കുമുണ്ടാക്കാതെയാണ് യുദ്ധം അവസാനിക്കുക.. ഇനി ജീവിതത്തിന്റെ പുതു നാമ്പുകൾ പൊട്ടിവിടരാൻ.. എല്ലാം മറന്ന് ജീവിച്ചുതുടങ്ങാൻ ഒരു ജനതയ്ക്ക് എത്ര കാലമെടുക്കും.. ഇനി ഒരിക്കലും യുദ്ധം ഉണ്ടാകരുതെ എന്ന് ആശിക്കാം.
ഭീതിയുടെ നടുവിൽ...
എല്ലാ അർത്ഥത്തിലും ഗാസയ്ക്ക് വേണ്ടത് പുനർജന്മമാണ്. പാർപ്പിടം, ഭക്ഷണം ഇവയെല്ലാം വെല്ലുവിളിയാകുമ്പോഴും കുഞ്ഞുങ്ങളുടെ ഉൾപ്പെടെ ആരോഗ്യകാര്യം ആശങ്കയാവുകയാണ്.
25 വർഷത്തിനിടെ ആദ്യമായി ഗാസയിൽ പോളിയോ കേസ് സ്ഥിരീകരിച്ചു. മദ്ധ്യ ഗാസയിൽ നിന്നുള്ള പത്ത് മാസം പ്രായമുള്ള കുഞ്ഞിനാണ് സ്ഥിരീകരിച്ചത്.
സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജീവിക്കുന്ന ആയിരക്കണക്കിന് കുട്ടികളിലേക്ക് പ്രതിരോധ മാർഗങ്ങൾ ഉടൻ എത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ചിക്കൻപോക്സ് അടക്കമുള്ള മറ്റ് രോഗങ്ങളും ഗാസയിൽ വ്യാപിക്കുന്നു
മതിയായ വെള്ളമോ ഭക്ഷണമോ മരുന്നോ ഇല്ലാതെ അഭയാർത്ഥി ക്യാമ്പുകളിലും മറ്റും ആയിരങ്ങൾ തിങ്ങിപ്പാർക്കുന്നത് രോഗവ്യാപന ഭീതി ഉയർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |