ടെൽ അവീവ്: വെടിനിറുത്തൽ പ്രഖ്യാപനം 15 മാസമായി നരകയാതന അനുഭവിക്കുന്ന ഗാസയിലെ സാധാരണ ജനങ്ങൾക്ക് വളരെയധികം ആശ്വാസമാണ്. എന്നാൽ വെടിനിറുത്തൽ കൊണ്ട് ഗാസയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നാലും ഗാസയുടെയും അവിടുത്തെ സാധാരണക്കാരുടെയും ഭാവി എന്ത് ? ഗാസ ഇനി ആര് ഭരിക്കും ? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ലോകത്തിന് മുന്നിലുണ്ട്.
വെല്ലുവിളികൾ
പട്ടിണി, രോഗങ്ങൾ, തൊഴിലില്ലായ്മ, ഭവന രഹിതർ...ഗാസയിലെ മാനുഷിക സാഹചര്യം അതീവ ഗുരുതരമാണ്. ഗാസയിലെ പകുതിയിലേറെ കെട്ടിടങ്ങളും തകർന്നടിഞ്ഞു. ഇത് പുനർനിർമ്മിക്കാൻ 15 വർഷത്തോളം വേണ്ടിവരുമെന്നും കുറഞ്ഞത് 8000 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നും കരുതുന്നു. ജലവിതരണം പോലുള്ള അടിസ്ഥാന സൗകര്യങ്ങളും തരിപ്പണമായി. 24 ലക്ഷം വരുന്ന ജനസംഖ്യയിൽ ഏറെക്കുറെ എല്ലാവരും അഭയാർത്ഥികളായി. വിരലിലെണ്ണാവുന്ന ആശുപത്രികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ പഠനം മുടങ്ങി. സ്കൂളുകളും തകർന്നു.
പുനർനിർമ്മാണം
ഗാസയുടെ പുനർനിർമ്മാണം ആര് ഏറ്റെടുക്കും ? ഗാസയുടെ ഭരണം ആർക്കാണോ അവരാകും അതിന് മുന്നിട്ടിറങ്ങുക. കരാറിന്റെ മൂന്നാം ഘട്ടത്തിലാണ് ഗാസയുടെ പുനർനിമ്മാർണം ലക്ഷ്യമിടുന്നത്. ഗാസയുടെ ഭരണം ഹമാസിന് ലഭിക്കാൻ ഇസ്രയേൽ അനുവദിക്കില്ല. 2006 മുതൽ ഹമാസ് ഭരണമാണ് ഗാസയിൽ.
പാലസ്തീനിയൻ അതോറിട്ടിക്കാണ് വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം. അതോറിട്ടിക്ക് തന്നെ ഗാസയുടെ നിയന്ത്രണം നൽകണമെന്നാണ് ആവശ്യം. എന്നാൽ ഗാസയെ ഒറ്റയ്ക്ക് പഴയ സ്ഥിതിയിലേക്ക് മടക്കിയെത്തിക്കാൻ അവർക്ക് കഴിയില്ല. യു.എസ്, യൂറോപ്യൻ യൂണിയൻ, യു.എൻ, അറബ് രാജ്യങ്ങൾ എന്നിവർ പുനർനിമ്മാണത്തിന് സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസിന്റെ ലക്ഷ്യം ?
നിലവിൽ ഉന്നത നേതാക്കളെ നഷ്ടപ്പെട്ടിരിക്കുന്ന ഹമാസിന് യുദ്ധാനന്തര ഗാസയെ ഭരിക്കാനുള്ള ഉദ്ദേശ്യമില്ലെന്നാണ് സൂചന. ഗാസയുടെ അധികാരം ഒരു പാലസ്തീനിയൻ ഭരണസംവിധാനത്തിന് കൈമാറാൻ തയ്യാറാണെന്ന് അവർ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന് വ്യക്തമല്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണത്തോടെ പാലസ്തീനിയൻ അതോറിട്ടിയുടെ ഇടക്കാല സർക്കാർ ഗാസയിൽ നിലവിൽ വരണമെന്ന നിർദ്ദേശം യു.എസ് മുന്നോട്ടുവച്ചിരുന്നു.
ഇസ്രയേലിന്റെ ഉദ്ദേശ്യം
ഞായറാഴ്ച മുതൽ ഗാസയിലെ വെടിനിറുത്തൽ യു.എസ്, ഖത്തർ, ഈജിപ്റ്റ് എന്നീ മദ്ധ്യസ്ഥ രാജ്യങ്ങൾ നിരീക്ഷിക്കും. 1967ൽ ഗാസയെ ഈജിപ്റ്റിൽ നിന്ന് പിടിച്ചെടുത്ത ഇസ്രയേൽ 2005ൽ ഇവിടെ നിന്ന് പിൻവാങ്ങി. തുടർന്ന് ഗാസയുടെ നിയന്ത്രണം പാലസ്തീനിയൻ അതോറിട്ടിക്ക് ലഭിച്ചു.
2006ൽ പാലസ്തീനിയൻ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ ഗാസ ഹമാസിന്റെ കൈകളിലായി. ഹമാസിനെ അനുവദിക്കില്ല എന്നതൊഴിച്ചാൽ യുദ്ധാനന്തര ഗാസയുടെ ഭരണത്തെ പറ്റി ഇസ്രയേലിന് വ്യക്തമായ നിലപാടില്ല. എന്നാൽ, ഗാസയുടെ പൂർണ നിയന്ത്രണവും സുരക്ഷയും ഏറ്റെടുക്കണമെന്ന ആവശ്യം ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാർക്കുണ്ട്.
---------------------------------------
ഗാസയിലെ നാശനഷ്ടങ്ങൾ
പതിനഞ്ചു മാസങ്ങൾ നീണ്ട ഇസ്രയേൽ ആക്രമണം ഗാസയെ പൂർണമായും തകർത്തെറിഞ്ഞു. ചാരക്കൂമ്പാരവും കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ പ്രേത ഭൂമി പോലെയാണ് ഗാസ ഇപ്പോൾ. ഗാസ യുദ്ധത്തിൽ തകർന്നതോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തവയുടെ കണക്കുകൾ ഇപ്രകാരം;
68% റോഡ് ശൃംഖല
68% കൃഷി ഭൂമി
84% ആരോഗ്യ സംവിധാനങ്ങൾ
88% വാണിജ്യകേന്ദ്രങ്ങൾ
88% സ്കൂൾ കെട്ടിടങ്ങൾ
92% വീടുകൾ
---------------------------------------
ലോക രാജ്യങ്ങളുടെ പ്രതികരണങ്ങൾ
ഗാസയിലെ ജനങ്ങളിലേക്ക് സുരക്ഷിതവും സുസ്ഥിരവുമായ മാനുഷിക സഹായ വിതരണത്തിന് കരാർ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ഇന്ത്യ
കരാർ പൂർണമായും നടപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ച് സ്ഥിര വെടിനിറുത്തൽ വേണം.
- സ്വിറ്റ്സർലൻഡ്
ദുരിതങ്ങൾ അവസാനിക്കുമെന്ന് പ്രതീക്ഷയും ആശ്വാസവും.
- ഓസ്ട്രിയ
മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഒരു അവസരമായി ഇതിനെ ഉപയോഗിക്കണം.
- ചൈന
ഗാസയിലെ പോരാട്ടം അവസാനിക്കും. ബന്ദികൾ അവരുടെ വീടുകളിലേക്ക് മടങ്ങും.
- യു.എസ്
കരാർ പ്രാദേശിക സ്ഥിരതയ്ക്ക് അനിവാര്യമായ നടപടി.
- തുർക്കി
പാലസ്തീനിയൻ ജനതയുടെയും ഇസ്രയേലി ബന്ദികളുടെയും കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ ഇസ്രയേലും ഹമാസും പ്രതിജ്ഞാബദ്ധരായിരിക്കണം.
- യു.എ.ഇ
വെടിനിറുത്തൽ മേഖലയുടെ ദീർഘകാല സ്ഥിരതയിലേക്ക് നയിക്കുമെന്നും ഇസ്രയേലും പാലസ്തീനികളും തമ്മിൽ സമഗ്രമായ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും കരുതുന്നു.
- റഷ്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |