പറവൂർ: കേരളജനതയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം ചേന്ദമംഗലത്തുണ്ടായത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ലഹരിക്കടിമയായ അയൽവാസി റിതു ജയൻ ക്രൂരമായി അടിച്ചുകൊന്നത്. വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകമെന്ന് പ്രതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു കണ്ണൻ(60), ഭാര്യ ഉഷ (52), മകൾ വിനിഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വിനിഷയുടെ ഭർത്താവ് ജിതിൻ ബോസിനും (36) പരിക്കേറ്റിട്ടുണ്ട്.
ഇപ്പോഴിതാ റിതുവിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അയൽവാസികൾ തന്നെയാണ് പ്രതിയുടെ ഗുണ്ടാ പശ്ചാത്തലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ലഹരി ഉപയോഗിച്ചാൽ റിതു എന്തും ചെയ്യുമെന്നാണ് അയൽവാസികൾ പറയുന്നത്.
'ചെറിയ പ്രായം മുതൽക്കേ റിതുവിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. അന്നേ ലഹരി ഉപയോഗിക്കുമായിരുന്നു. അടിപിടി കേസിലും ഉൾപ്പെട്ടിട്ടുണ്ട്. ഏത് പ്രായത്തിലുളള സ്ത്രീകളോടും മോശമായി പെരുമാറും. അപവാദങ്ങൾ പ്രചരിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഇയാളോട് ദേഷ്യമാണ്. ശല്യം കാരണമാണ് പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ലഹരി ഉപയോഗിച്ചാൽ എന്തും ചെയ്യും. അതാണ് അവന്റെ രീതി. സാധാരണ ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അച്ഛനും അമ്മയുമാണ് നാട്ടുകാരോട് ക്ഷമ ചോദിക്കാറുളളത്.
പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പലരും റിതുവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മാനസിക രോഗമുണ്ടെന്ന സർട്ടിഫിക്കറ്റ് കൈവശമുള്ളതിനാൽ അത് ഹാജരാക്കി രക്ഷപ്പെടുമായിരുന്നു.കല്ലെറിയലും പട്ടിയുടെ പേരുപറഞ്ഞുളള വഴക്കിടലുമായിരുന്നു അവൻ കൂടുതലും ചെയ്തിരുന്നത്. ഒരു ദിവസം റിതു ഇരുമ്പുവടിയുമായി അക്രമിക്കാൻ വന്നു. അന്ന് ഫോട്ടോയെടുത്ത് പൊലീസിനെ അറിയിച്ചു. കാപ്പ ചുമത്തുമെന്ന് പൊലീസ് പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അമ്മയുടെ പിന്തുണ റിതുവിന് എപ്പോഴും ഉണ്ടായിരുന്നു. അക്രമം നടത്തി കിട്ടുന്ന പണം ഇയാൾ അമ്മയെയാണ് ഏൽപ്പിച്ചിരുന്നത്'- അയൽവാസി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |