ബംഗളൂരു: അമ്മാവനും അമ്മായിയും ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നാരോപിച്ച് ഇരുപത്തിനാലുകാരിയായ ടെക്കി ജീവനൊടുക്കി. ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അമ്മാവനും അമ്മായിയും തുടർച്ചയായി ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നായിരുന്നു യുവതിയുടെ ആരോപണം. യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് ഭാരതീയ നീതി ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം അമ്മാവനും അമ്മായിക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ഒന്നാം പ്രതിയായ പെൺകുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇയാളിൽ നിന്ന് പൊലീസ് പെൻഡ്രൈവ് പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം കുണ്ടലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽവച്ച് കാണണമെന്ന് അമ്മാവൻ യുവതിയെ നിർബന്ധിച്ചിരുന്നു. ഹോട്ടൽ മുറിയിൽ വരില്ലെന്ന് പെൺകുട്ടി അമ്മാവനെ അറിയിച്ചിരുന്നു.
എന്നാൽ തന്റെ കൈവശമുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടിക്ക് ഗത്യന്തരമില്ലാതായി. ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് പെട്രോൾ വാങ്ങി, കൈയിൽ കരുതി. ഹോട്ടൽ മുറിയിൽവച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ യുവതിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ആറ് വർഷമായി മകൾ അമ്മാവനും അമ്മായിക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു. അവർക്കൊപ്പം യാത്രകൾ പോകാറുണ്ടെന്നും അമ്മ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |