ക്രിപ്റ്റോകറൻസികളെ ഭാവിയുടെ വാഗ്ദാനം എന്നാണ് അറിയപ്പെടുന്നത്. പക്ഷേ, ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പണി പാളും.കോടീശ്വരന്മാർക്കൊപ്പം വിവാദ നായികാ നായകന്മാരെ സൃഷ്ടിക്കാൻ ക്രിപ്റ്റോ കറൻസിക്കാവുന്നതും ഇതുകൊണ്ടാണ്. അല്പം ജാഗ്രത പാലിച്ചില്ലെങ്കിൽ പണി പാളുമെന്ന് ഉറപ്പ്. ഇല്ലെങ്കിൽ റുജ ഇഗ്നാറ്റോവയെപ്പോലെയുളള ക്രിപ്റ്റോ ക്വീനുകൾ ഒന്നടങ്കം വിഴുങ്ങും.
റുജ ഇഗ്നാറ്റോവ
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐ തലയ്ക്ക് നാൽപ്പതുകോടിയിലേറെ രൂപ വിലയിട്ടിരിക്കുന്ന കൊടും ക്രിമിനലാണ് റുജ ഇഗ്നാറ്റോവ. ക്രിപ്റ്റോ ക്വീൻ എന്ന് വിളിപ്പേരുള്ള റുജ ഒരുകാലത്ത് ക്രിപ്റ്റോ കറൻസി കമ്പനിയുടെ മേധാവിയായിരുന്നു. തന്റെ കമ്പനിയായ OneCoin വഴി നാലുബില്യൺ ഡോളറിലധികം തട്ടിയെടുത്തു എന്നാണ് കേസ്. അങ്ങനെയാണ് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ലിസ്റ്റിൽ ഇടം പിടിച്ചത്. കൊണ്ടുപിടിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല എന്നാണ് റിപ്പോർട്ട്.
തുടക്കം 2014 ൽ
2014ലാണ് റുജ OneCoin എന്ന ക്രിപ്റ്റോ കൻസി സ്വയം വികസിപ്പിച്ചത്. ബിറ്റ് കോയിനായിരുന്നു റുജയുടെ അന്നത്തെ പ്രധാന എതിരാളി. ഇവരെല്ലാം ഒതുക്കിക്കൊണ്ട് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ നാനാകോണിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ റുജയ്ക്കായി. ലോകമെമ്പാടുമുള്ള മൂന്നുദശലക്ഷം ആളുകളിൽ നിന്നാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപം സ്വീകരിച്ചത്. അതോടെ വിശ്വാസ്യത കൂടി.
പക്ഷേ, എല്ലാവരും കാര്യങ്ങൾ മനസിലാക്കും മുമ്പ് റുജ പണി പറ്റിച്ചു. 2017ൽ അവർ അപ്രത്യക്ഷയായി. ഗ്രീസിൽ നിന്നായിരുന്നു അവർ എങ്ങോട്ടോ കടന്നത്. അന്വേഷിച്ചിട്ടും കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ തട്ടിപ്പിനെ സംബന്ധിച്ച് ചില കാര്യങ്ങൾ വെളിപ്പെട്ടു. ബൾഗേറിയൻ മാഫിയയുമായി സഹകരിച്ചാണ് റുജ തട്ടിപ്പുകൾ ആസൂത്രണം ചെയ്തതെന്നാണ് വ്യക്തമാകുന്നത്.
മണിചെയിൻ
പുതിയ നിക്ഷേപകരെ റിക്രൂട്ടുചെയ്യാൻ പ്രേരിപ്പിക്കുന്ന മണിചെയിൻ മാതൃകയാണ് പിന്തുടർന്നത്. നിക്ഷേപകരെ ആകർഷിക്കാൻ അവർക്ക് ചെറിയ തോതിൽ ആദായവും നൽകിയിരുന്നു. അതിനാൽ നിരവധിപേർ നിക്ഷേപകരെ വലയിയാക്കാൻ ഇറങ്ങി. ഉന്നത വിദ്യാഭ്യാസവും നിക്ഷേപം ഉൾപ്പെടെ സാമ്പത്തികവുമായി ബന്ധപ്പെട്ട അറിവും റുജയുടെ വളർച്ച വേഗത്തിലെത്തി. സാമ്പത്തിക വിഷയങ്ങളിൽ റുജയെ ജയിക്കാൻ മറ്റൊരാളില്ലെന്നായി അവസ്ഥ. സൗന്ദര്യവും വാക് ചാതുരിയും ഇതിന് അകമ്പടിയേകി.
എല്ലാം നന്നായി മനസിലാക്കിയ റുജ ഉദ്ദേശിച്ച പണം കൈയിലെത്തിയെന്ന് വ്യക്തമായതോടെ മുങ്ങി. കൊണ്ടുപിടിച്ച അന്വേഷണങ്ങൾ പലത് നടത്തിയിട്ടും റുജ എവിടെയാണെന്ന് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒരുപക്ഷേ അവർ രൂപം തന്നെ മാറ്റിയേക്കാം. അന്വേഷണംകൊണ്ടും കാര്യമില്ലെന്ന് കണ്ടതോടെയാണ് കണ്ടെത്തുന്നവർക്ക് കോടികളുടെ ഇനാം പ്രഖ്യാപിച്ചത്. പക്ഷേ അതും പ്രയോജനം ചെയ്തില്ല. ഇവർ ഇപ്പോൾ റഷ്യയിൽ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇവർ കൊല്ലപ്പെട്ടു എന്നുകരുതുന്നവരും ഏറെയാണ്.
കോടികൾ കബളിപ്പിച്ചത് കൂടാതെ കൂട്ടാളികൾക്ക് വഴിവിട്ട സഹായങ്ങൾ വാഗ്ദാനം ചെയ്തതായും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമുള്ള കുറ്റങ്ങളും റുജയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |