കൊച്ചി: ചേർത്തുപിടിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറഞ്ഞ് ഉമ തോമസ് എംഎൽഎ. കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസിനെ കാണാൻ ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി എത്തിയത്.
നിയമസഭയിൽ പോകണമെന്നാണ് ഉമ തോമസിന്റെ ഇപ്പോഴത്തെ ആഗ്രഹമെന്ന് ഡോക്‌ടർ പറഞ്ഞപ്പോൾ 'ഇപ്പോൾ ഇവർ പറയുന്നത് അനുസരിക്കൂ, ബാക്കി ഇത് കഴിഞ്ഞ് നോക്കാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കാണാനെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഉമ തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. ഇങ്ങനെ കാണുന്നത് വിഷമമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് മിനിറ്റോളം ഇരുവരും സംസാരിച്ചു. ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും മുഖ്യമന്ത്രി ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു.
'വീഴ്ച പ്രതീക്ഷിക്കാത്തതായിരുന്നു. എനിക്ക് ഒന്നും ഓര്‍മയില്ല, പരിപാടിക്ക് പോയത് പോലും ഓര്‍മയില്ല' ഉമ തോമസ് സംഭാഷണത്തിനിടെ പറഞ്ഞു. ആശുപത്രിക്കുള്ളിൽ ഡോക്‌ടറുടെ കൈപിടിച്ച് എംഎൽഎ നടക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.
വീഴുന്നതിന്റെ വീഡിയോ കണ്ട കാര്യം മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഐസിയുവില്‍ വച്ച് ഉമ തോമസിനെ ഈ ദൃശ്യങ്ങള്‍ കാണിച്ചതായി ഡോക്ടറും പറഞ്ഞു.
മന്ത്രി കെഎന്‍ ബാലഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഉമ തോമസിനെ കാണാനായി എത്തിയത്. സിപിഎം കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |