കൊച്ചി: നടപ്പുസാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം ശേഷിക്കുമ്പോൾ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കവിഞ്ഞ് മുന്നേറുന്നു. മൊത്തം കയറ്റുമതിയിൽ മൂന്നിൽ രണ്ട് വിഹിതവുമായി ശിതീകരിച്ച കൊഞ്ച് തിളങ്ങും താരമായെന്ന് ധന മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് ധന മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിന് മുന്നോടിയായി പുറത്തിറക്കിയ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 60,523.89 കോടി രൂപയുടെ 17.8 മെട്രിക് ടൺ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. മുൻവർഷത്തേക്കാൾ അളവിൽ 2.67 ശതമാനം വർദ്ധനയുണ്ടായി.
ഇന്ത്യയുടെ മത്സ്യ കയറ്റുമതിയിൽ 34.53 ശതമാനം വിഹിതവുമായി അമേരിക്കയാണ് മുൻനിരയിൽ. 255 കോടി ഡോളറിന്റെ സമുദ്രോത്പങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം അമേരിക്ക വാങ്ങിയത്. 138 കോടി ഡോളറിന്റെ 4.51 ലക്ഷം മെട്രിക് ടൺ മത്സ്യങ്ങളുടെ കയറ്റുമതിയുമായി ചൈന രണ്ടാം സ്ഥാനത്താണ്. ജപ്പാൻ, വിയറ്റ്‌നാം, തായ്ലൻഡ്, കാനഡ, സ്‌പെയിൻ തുടങ്ങിയവയാണ് ഇന്ത്യയുടെ മറ്റ് പ്രധാന വിപണികൾ.
മത്സരക്ഷമത വർദ്ധിപ്പിക്കാൻ നികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കും
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ മത്സ്യ ഉത്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കസ്‌റ്റംസ് തീരുവ കുറയ്ക്കാൻ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും. കൊഞ്ച്, മത്സ്യ എന്നിവയുടെ തീറ്റ ഉത്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങളുടെ അടിസ്ഥാന എക്സൈസ് തീരുവ അഞ്ച് ശതമാനമായി കുറയ്ക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |