സുരക്ഷിതത്വം തേടി നിക്ഷേപകർ സ്വർണത്തിലേക്ക്
കൊച്ചി: ആഗോള മേഖലയിലെ അനുകൂല വാർത്തകളുടെ കരുത്തിൽ ഇന്ത്യയിലും സ്വർണ വില റെക്കാഡ് ഉയരത്തിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് സ്വർണ വില ഇന്നലെ പവന് 480 രൂപ വർദ്ധിച്ച് 59,600 രൂപയിലെത്തി. കഴിഞ്ഞ വർഷം ഒക്ടോബർ 30ന് രേഖപ്പെടുത്തിയ റെക്കാഡ് പവൻ വിലയായ 59,640 രൂപയിലേക്ക് കൈയെത്തും ദൂരം മാത്രമാണുള്ളത്. ഗ്രാമിന്റെ വില 60 രൂപ വർദ്ധനയോടെ 7,450 രൂപയിലെത്തി. ഗ്രാമിന്റെ റെക്കാഡ് വില 7,455 രൂപയാണ്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ജനുവരി 20ന് മുമ്പ് പവൻ വില ചരിത്രത്തിലാദ്യമായി 60,000 രൂപ കടന്നേക്കും.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിക്കുന്നുവെന്ന സൂചനകൾ ലഭിച്ചെങ്കിലും ഡൊണാൾഡ് ട്രംപ് യുഗത്തിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഫണ്ടുകൾ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കിയതാണ് വിലക്കുതിപ്പിന് കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,717 ഡോളർ വരെ ഉയർന്നിരുന്നു. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും സ്വർണ വില ഉയർത്തി. ജനുവരി മാസം ഇതുവരെ പവൻ വിലയിൽ 2,400 രൂപയുടെ വർദ്ധനയാണുണ്ടായത്.
കുതിപ്പിന്റെ ഉൗർജം
1. ജനുവരി 20ന് അമേരിക്കയുടെ പ്രസിഡന്റായി അധികാരമേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള സാമ്പത്തിക മേഖലയിൽ വലിയ അനുരണനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറി
2. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ അസാധാരണമായി ശക്തിയാർജിക്കുന്നതിനാൽ വിവിധ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടുകയാണ്. ഡോളറിന് ബദലായ നിക്ഷേപമായാണ് സ്വർണത്തെ വിലയിരുത്തുന്നത്
3. ഓഹരി, കടപ്പത്ര, കമ്പോള ഉത്പന്ന വിപണികൾ അതിസമ്മർദ്ദത്തിലായതോടെ ആഗോള നിക്ഷേപ സ്ഥാപനങ്ങളും സ്വർണത്തിലേക്ക് വലിയ തോതിൽ പണമൊഴുക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചതും അനുകൂലമായി
ഒരു വർഷത്തിനിടെ പവൻ വിലയിലെ വർദ്ധന
13,440 രൂപ
2024 ജനുവരി 17 46,160 രൂപ
2025 ജനുവരി 17 59,600 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |