ശബരിമല: മകരവിളക്ക് ഉത്സവകാലത്തെ തീർത്ഥാടകർക്കുള്ള ദർശനം നാളെ രാത്രി 10ന് അവസാനിക്കും. നാളെ വൈകിട്ട് ആറിന് ശേഷം ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. രാത്രി ശരംകുത്തിയിലേക്ക് എഴുന്നെള്ളത്തും നായാട്ടുവിളിയും നടക്കും . അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്നിൽ നടക്കുന്ന ഗുരുതിയോടെ ഈ വർഷത്തെ മകരവിളക്ക് തീർത്ഥാടനം സമാപിക്കും. നെയ്യഭിഷേകം ഇന്ന് രാവിലെ 10.30ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ കളഭാഭിഷേകം .20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമം. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6.30ന് ഭഗവാനെ ഭസ്മ വിഭൂഷിതനാക്കി യോഗദണ്ഡും രുദ്രക്ഷമാലയുമണിയിച്ച് യോഗസമാധിയിലാക്കും. നട അടച്ചശേഷം മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനിൽക്കുന്ന രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും നൽകും. ഇവരണ്ടും മേൽശാന്തിക്ക് തിരികെ നൽകിയശേഷം അടുത്ത ഒരു വർഷത്തെ തുടർന്നുള്ള പൂജകൾ ചെയ്യാൻ നിർദ്ദേശിക്കും. തുടർന്ന് അദ്ദേഹം മലയിറങ്ങി തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം പന്തളത്തേക്ക് മടങ്ങും.
ഓടക്കുഴൽ അവാർഡ്
കെ. അരവിന്ദാക്ഷന്
കൊച്ചി: ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2024ലെ ഓടക്കുഴൽ അവാർഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന്റെ 'ഗോപ' എന്ന നോവലിന്. പ്രശസ്തിപത്രവും ശില്പവും മുപ്പതിനായിരം രൂപയുമുൾപ്പെട്ടതാണ് അവാർഡ്.
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ചരമവാർഷിക ദിനമായ ഫെബ്രുവരി രണ്ട് വൈകിട്ട് അഞ്ചിന് സമസ്ത കേരള സാഹിത്യപരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരനും പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണൻ പുരസ്കാരം നൽകും.
സമകാലിക എഴുത്തുകാരിൽ പ്രമുഖനായ കെ. അരവിന്ദാക്ഷൻ. നോവൽ, കഥ, ഉപന്യാസം വിഭാഗങ്ങളിൽ ശ്രദ്ധേയമായ കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിയുടെ ജീവിതദർശനം എന്ന കൃതിക്ക് 1995ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2015ൽ മികച്ച ഉപന്യാസത്തിനുള്ള കേരള സാഹിത്യ അക്കാഡമി എൻഡോവ്മെന്റ് ലഭിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വെങ്ങിണിശേരിയിൽ കുമാരന്റേയും കാർത്യായനിയുടേയും മകനായി 1953 ജൂൺ 10നാണ് ജനിച്ചത്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജയദേവ്, മീര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |