തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചാവേറായി ചേരാനൊരുങ്ങുന്ന യുവാക്കൾക്ക് വാഗ്ദാനം ചെയ്യുന്നത് പൗരത്വം ഉൾപ്പെടെ ലക്ഷങ്ങളുടെ സാമ്പത്തിക ആനുകൂല്യങ്ങൾ. യുക്രെയിൻ യുദ്ധമുഖത്ത് ഒരുവർഷം പ്രവർത്തിച്ചാൽ രണ്ടര മുതൽ മൂന്നര ലക്ഷം വരെ മാസവരുമാനം ലഭിക്കും. ഇതിനായി ആദ്യം റഷ്യൻ പാസ്‌പോർട്ട് എടുക്കണം. ഇതോടെ ഇന്ത്യൻ പൗരത്വം റദ്ദാക്കപ്പെടും.
അഡ്വാൻസായി നാലുലക്ഷത്തോളം രൂപ ബാങ്കിലെത്തും. എ.ടി.എം കാർഡും കിട്ടും. റിസ്‌ക്ക് അനുസരിച്ചാണ് ശമ്പളം. യുദ്ധമുഖത്താണെങ്കിൽ മൂന്നരലക്ഷം വരെ ലഭിക്കും. ഭാഷ അറിയാത്തതിനാൽ ഹെൽപ്പറായിട്ടായിരിക്കും നിയമനം. വെൽഡർമാർ, മരപ്പണിക്കാർ, ഇലക്ട്രീഷ്യന്മാർ തുടങ്ങി അടിസ്ഥാന തൊഴിലെടുക്കുന്നവരാണ് കൂടുതലായും കുടുങ്ങുന്നത്. ബങ്കറുകൾക്കായി കുഴിയെടുക്കൽ, ഭക്ഷണവിതരണം, യുദ്ധസാമഗ്രികളുടെ കടത്തൽ എന്നീ ജോലികൾ ചെയ്യേണ്ടിവരും.
കരാർ കഴിഞ്ഞാൽ കമ്പനികളിൽ ജോലി
കൂലിപ്പട്ടാളത്തിലെ ഒരുവർഷത്തെ കരാർ കാലാവധിക്കുശേഷം കിട്ടുന്ന സൗഭാഗ്യങ്ങൾ മോഹിച്ചാണ് പലരും റഷ്യയിലെത്തുന്നത്. നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെടുക്കാം. പക്ഷേ പലപ്പോഴും യുദ്ധമുഖത്ത് എരിഞ്ഞുതീരാനാണ് പലരുടെയും വിധി.
സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഉൾപ്പെടെയുള്ളവർ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നത്. എന്നെ കണ്ടാണ് കൊല്ലപ്പെട്ട ബിനിൽ ബാബുവും പരിക്കേറ്റ ജയിൻ കുര്യനും വന്നത്. എനിക്ക് റഷ്യയോട് ചേർന്ന പ്രദേശത്തായിരുന്നു ജോലി. അവർക്ക് യുദ്ധം നടക്കുന്നതിന് അടുത്തായിരുന്നു. എന്റെ കരാർ ഡിസംബറിൽ പൂർത്തിയായി. ഇപ്പോൾ റഷ്യൻ പൗരനാണ്. മടങ്ങിയാൽ കമ്പനിയിൽ ജോലിക്ക് കയറും.
-സിബി
വേലൂർ സ്വദേശി
മറ്റൊരു രാജ്യത്തിന്റെ കൂലിപ്പട്ടാളത്തിൽ ചേർന്ന് പ്രവർത്തിക്കുന്നത് അപകടകരമാണ്. എത്ര മലയാളികൾ പോയെന്ന് കൃത്യമായി അറിയില്ല. പ്രശ്‌നത്തിൽ പെടുമ്പോൾ മാത്രമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം തേടുന്നത്. കസാക്കിസ്ഥാൻ, ജോർജിയ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും സമാന തൊഴിൽതട്ടിപ്പ് നടക്കുന്നുണ്ട്.
-കെ.വി.അബ്ദുൾ ഖാദർ,
പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ
റഷ്യൻ കൂലിപ്പട്ടാളത്തിൽ
ചേർന്ന 12 ഇന്ത്യക്കാർ
കൊല്ലപ്പെട്ടു
ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രെയിനിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു അടക്കമാണിത്. തൃശൂർ സ്വദേശി ജെയിൻ അടക്കം 18 പേർക്ക് പരിക്കേറ്റെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വാൾ പറഞ്ഞു. ഇതിൽ 16 പേരെ കാണാതായെന്ന് റഷ്യൻ സേന അറിയിച്ചിട്ടുണ്ട്. കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടൻ നാട്ടിലെത്തിക്കും. കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 126 ഇന്ത്യക്കാരിൽ 96 പേർ തിരികെയെത്തി. കൂലിപ്പട്ടാളത്തിൽ ചേർന്ന ഇന്ത്യക്കാർക്ക് റഷ്യ പൗരത്വം നൽകിയതായി വിവരമില്ലെന്നും രൺദീപ് ജയ്സ്വാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |