നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ഇഴ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. കലാഭവൻ നവാസ് നായകനാകുന്ന ചിത്രത്തിൽ പ്രിയ പാതി രഹ്നയാണ് നായിക. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം രഹ്ന അഭിനയ രംഗത്തേക്ക് മടങ്ങി വരികയാണ്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ രഹ്ന അഭിനയിച്ചിട്ടുണ്ട്. ലേലം ആണ് ആദ്യ സിനിമ. കാരുണ്യം, താലോലം, സായ്വർ തിരുമേനി, കണ്ണാടിക്കടവത്ത്, ദാദാ സാഹിബ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. വിവാഹശേഷം നവാസും രഹ്നയും ഒരുമിക്കുന്ന ഇഴ എന്ന ചിത്രം ഇഴപിരിയാത്ത രണ്ട് ജീവിതങ്ങളുടെ കഥ പറയുന്നു. വിശേഷങ്ങളുമായി നവാസും രഹ്നയും ചേരുന്നു.
സന്തോഷവും ആലോചനയും
നവാസ്: നീലാകാശം നിറയെ എന്ന സിനിമയിൽ മാത്രമാണ് വിവാഹത്തിന് മുൻപ് ഒരുമിച്ച് അഭിനയിച്ചത്. വിവാഹശേഷം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം വലുതാണ്.
രഹ്ന: ഒരുമിച്ച് വീണ്ടും അഭിനയിക്കണമെന്ന തീരുമാനമെടുത്ത് സംഭവിച്ചതല്ല. നവാസ് ഇക്ക ആണ് നായകൻ. ഇക്കയുടെ അടുത്തുവന്നശേഷമാണ് സുമയ്യ എന്ന നായിക കഥാപാത്രമായി എന്റെ കാര്യം പറയുന്നത്. കഥ ഇഷ്ടമായി.നവാസ് ഇക്ക കൂടെയുള്ളതിനാൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല. അല്ലായിരുന്നെങ്കിൽ ഒരുപാട് ആലോചന വേണ്ടിവരുമായിരുന്നു. നല്ല കഥാപാത്രമായതിനാൽ ചെയ്തു. ഇനി അഭിനയിക്കുമോയെന്ന് തീരുമാനിച്ചിട്ടില്ല.
ഷൗക്കത്തും സുമയ്യയും
നവാസ്: ജോലി നഷ്ടപ്പെട്ട് ഗൾഫിൽനിന്ന് വരുന്ന ഷൗക്കത്ത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാട്ടിൽ എത്തിയശേഷം കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം.
രഹ്ന: സുമയ്യ അത്യാവശ്യം വിദ്യാഭ്യാസവും പ്രതികരണ ശേഷിയുമുള്ള ആളാണ്. കേരളത്തിൽ എഴുപത് ശതമാനം സ്ത്രീകളും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ തുടങ്ങി. എന്നാൽ 30 ശതമാനത്തിൽപ്പെട്ട ആണ് സുമയ്യ. അഭിനയ സാദ്ധ്യത നിറഞ്ഞ കഥാപാത്രം. വളരെ മനോഹരമായി ചെയ്യാൻ കഴിഞ്ഞു എന്നാണ് വിശ്വാസം.
അപ്രതീക്ഷിതവും ആഗ്രഹവും
നവാസ്: കുടുംബിനിയായി മാറി ബാദ്ധ്യതകൾ കഴിഞ്ഞാൽ നായികമാർ മടങ്ങിവരുമെന്ന് പറയുകയും തിരിച്ചുവരുകയും ചെയ്യാറുണ്ട്. രഹ്ന ഇപ്പോഴും കുടുംബത്തിന് തന്നെയാണ് പ്രാധാന്യം നൽകുന്നത്. വളരെ സന്തോഷത്തോടെ തന്നെയാണ് ഞങ്ങൾ പോകുന്നത്. മക്കളെ മൂന്നുപേരെയും ചേർത്തുപിടിച്ച് പോകാൻ ആഗ്രഹിക്കുന്ന ആളാണ് രഹ്ന. അപ്രതീക്ഷിതമായാണ് ഇങ്ങനെ ഒരു അവസരം വന്നത്. ആലുവയിലും പരിസരത്തും ചിത്രീകരണം. ദിവസവും വീട്ടിൽവന്നുപോകാവുന്ന സാഹചര്യത്തിൽ എല്ലാം ഒത്തുവന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ചെയ്ത മികച്ച കഥാപാത്രമായിരിക്കും ഷൗക്കത്തും സുമയ്യയും. ഡിറ്റക്ടീവ് ഉജ്ജ്വലൻ, ടിക്കി ടാക്ക എന്നിവയാണ് പുതിയ സിനിമകൾ. ആർ.കെ. സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നത്. തമിഴിൽ ആദ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |