തിരുവനന്തപുരം: ശിക്ഷയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ഗ്രീഷ്‌മയോട് ചോദിച്ചപ്പോൾ, തനിക്ക് എംഎയ്‌ക്ക് ഡിസ്‌റ്റിംഗ്ഷൻ ഉണ്ടെന്നും, മുമ്പ് ക്രിമിനൽ പശ്ചാത്തലമുള്ളയാളല്ലെന്നും, മാതാപിതാക്കൾക്ക് ഒറ്റ മകളായതിനാൽ നിയമത്തിൽ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നുമായിരുന്നു മറുപടി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട കോടതി ശിക്ഷ വിധിക്കുന്നത് ജനുവരി ഇരുപതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊലപാതകം നടന്നതായി കോടതി കണ്ടെത്തിയിട്ടുണ്ട്. ഗ്രീഷ്‌മയ‌്ക്ക് പുനർവിചിന്തനമുണ്ടായി നന്നാവാനുള്ള അവസരം നൽകണമെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. വളരെ പരിപാവനമായ ഒന്നാണ് പ്രണയം. എന്നാൽ വിശ്വാസവഞ്ചനയിലൂടെ പ്രണയം നടിച്ച് ഷാരോണിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു ഗ്രീഷ്‌ച ചെയ‌്തതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. സാഹചര്യത്തെളിവുകൾ കൊണ്ട് അത് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. പ്രണയമെന്ന പരിപാവനമായ സങ്കൽപത്തെ കൂടിയാണ് ഗ്രീഷ്‌മ കൊല ചെയ‌്തതെന്നും പ്രോസിക്യൂഷൻ വാദമുഖത്തിൽ ഉന്നയിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചത്.
ഞെട്ടിക്കുന്ന ആസൂത്രണത്തോടെ ഗ്രീഷ്മ (22) കാമുകനെ വകവരുത്തിയതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൂത്രധാരനും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാരൻ നായരും കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. ഒന്നും മൂന്നും പ്രതികളാണ് ഗ്രീഷ്മയും അമ്മാവനും. അമ്മയെ രണ്ടാം പ്രതിയായിട്ടാണ് ഉൾപ്പെടുത്തിയിരുന്നത്.
പാറശ്ശാല മുര്യങ്കര ജെ.പി ഹൗസിൽ ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്.
സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്ന് കണ്ടാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്‌തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കളനാശിനി ഗ്രീഷ്‌മയ‌്ക്ക് വാങ്ങി നൽകിയത് നിർമലകുമാരൻ നായരാണ്.
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബി.എസ്സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു ഷാരോൺ രാജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |