മാർക്കോയുടെ മികച്ച വിജയത്തിന് പിന്നാലെ നടൻ മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും ഉണ്ണി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. 'എൽ' എന്ന് മാത്രമാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
നീല ടീഷർട്ടും കറുപ്പ് പാൻസും ധരിച്ച മോഹൻലാലിനെയും കറുപ്പ് ഷർട്ട് ധരിച്ച ഉണ്ണിയെയും ചിത്രത്തിൽ കാണാം. രണ്ട് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. 'സാഗർ ഏലിയാസ് ജാക്കി' എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റും ലെെക്കുമായി രംഗത്തെത്തുന്നത്.
'100 കോടി കിട്ടിയപ്പോൾ അത് ആദ്യം മലയാളത്തിൽ കൊണ്ടുവന്ന ആളെ ഒന്ന് പോയി കാണണ്ടേ', 'സിംഹവും സിംഹക്കുട്ടിയും', 'ആദ്യം വിക്രം. പിന്നെ ലാലേട്ടൻ. ഉണ്ണി എന്തോ വലുത് പ്ലാൻ ചെയ്യുന്നു', 'ചേട്ടനും അനിയനും ', 'എന്റെ ലാലേട്ടാ നിങ്ങള് ഓരോ ദിവസം കൂടും തോറും ചെറുപ്പായി വരുന്നു', ' ഇതിൽ ഇപ്പോൾ പ്രായം കുറവുള്ളത് ഉണ്ണിക്കോ ലാലേട്ടനോ?' തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്.
ഹിന്ദിയിൽ അടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലെല്ലാം വമ്പൻ സ്വീകരണമാണ് മാർക്കോയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് മാർക്കോ. 2022 പുറത്തിറങ്ങിയ മാളികപ്പുറം ആയിരുന്നു ആദ്യത്തേത്. ഹനീഫ് അദേനിയാണ് മാർക്കോ സംവിധാനം ചെയ്തത്. തെലുങ്ക് നടി യുക്തി തരേജയാണ് നായിക. തിരക്കഥയും ഹനീഫ് അദേനിയുടേതാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. സംഗീതം നിർവഹിച്ചത് രവി ബസ്‌റുർ. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |