കുടയത്തൂർ: നിറയെ വെള്ളമുള്ള മലങ്കര ജലാശയത്തിലേക്ക് കോളപ്ര പാലത്തിൽ നിന്ന് 16 കാരി ചാടി. നാട്ടുകാരായ ചെറുപ്പക്കാരുടെ അവസരോചിതമായ ഇടപെടൽ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബാഗുമായി നടന്നു വന്ന പെൺകുട്ടി ബാഗ് പാലത്തിൽ വച്ചശേഷം ഡാമിലേക്ക് ചാടുകയായിരുന്നു. പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് ഏറ്റവും ആഴമേറിയ ഭാഗത്താണ് പെൺകുട്ടി ചാടിയത്. ഈ സമയം പാലത്തിലൂടെ കുട്ടികളുമായി ബൈക്കിൽ വന്ന അഞ്ചിരി കുട്ടപ്പൻ കവല സ്വദേശിയായ യുവാവാണ് പെൺകുട്ടി ഡാമിലേക്ക് ചാടുന്നത് കണ്ടത്. ഇയാൾ ഉടനെ ബൈക്ക് പാലത്തിൽ നിറുത്തി പെൺകുട്ടിയെ രക്ഷിക്കാനായി ഡാമിലേക്ക് ചാടി. വിവരമറിഞ്ഞ് ഓടിയെത്തിയവരുടെ അടുത്ത് തന്റെ ഒപ്പമുണ്ടായിരുന്ന കുട്ടികളെ നിറുത്തിയതിന് ശേഷമാണ് ഇയാൾ ഡാമിലേക്ക് ചാടിയത്. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളായ അഖിൽ, ബാബു എന്നിവരും ഡാമിലേക്ക് ചാടി പെൺകുട്ടിയുടെ അടുത്തെത്തി. താഴ്ന്ന് പോകാതെ ഇവർ പെൺകുട്ടിയെ താങ്ങി നിർത്തി. ഈ സമയം നാട്ടുകാർ പാലത്തിൽ നിന്ന് കയർ ഇട്ട് കൊടുത്തു. കയറിൽ പിടിച്ച് പെൺകുട്ടിയുമായി ആഴമേറിയ ഭാഗത്ത് നിന്ന് ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇവർ എത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കരയിൽ എത്തിച്ച് തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി അപകടനില തരണം ചെയ്തു. പെൺകുട്ടി ഡാമിലേക്ക് ചാടാനുള്ള കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |