കോഴിക്കോട്: എഴുത്തും, സിനിമയും, സൗഹൃദവും ഉൾപ്പെടെ എം.ടി യുടെ ജീവിതത്തിന്റെ സൗമ്യമായ ഓർമ്മപ്പെടുത്തലായി എം.ടി ചിത്രപ്രദർശനം. ചിരിയും, കണ്ണീരും, നിസംഗതയും ഉൾപ്പെടെ എം.ടി വാസുദേവൻ നായരുടെ ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ രേഖപ്പെടുത്തിയ ചിത്രപ്രദർശനം ഇന്നലെ കോഴിക്കോട് ലളിതകലാ അക്കാഡമി ആർട് ഗാലറിയിൽ ആരംഭിച്ചു.
എം.ടി വാസുദേവൻ നായരുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചൻ പറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ എന്നിവ മുതൽ അദ്ദേഹത്തിന്റെ അന്ത്യം വരെയുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കോഴിക്കോട് ജേർണലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ പുനലൂർ രാജൻ, പി മുസ്‌തഫ, ബി ജയചന്ദ്രൻ, അജീബ് കോമാച്ചി, നീന ബാലൻ, റസാഖ് കോട്ടക്കൽ, ഷാജുജോൺ, കെ.കെ സന്തോഷ്, വിനയൻ, എ.കെ ബിജുരാജ്, പ്രവീൺകുമാർ തുടങ്ങി 35 ഫോട്ടോഗ്രാഫർമാർ പകർത്തിയതാണ് ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രദർശനം. ഇത്രയധികം ഫോട്ടോഗ്രാഫർമാർ പകർത്തിയ ഒരു വ്യക്തിയുടെ നൂറിലേറെ ചിത്രങ്ങൾ പ്രദർശനത്തിന് വരുന്നത് കേരളത്തിൽ ആദ്യമാണ്.
മേയർ ഡോ. ബീന ഫിലിപ്പ് പ്രദർശനം ഉദ്‌ഘാടനം ചെയ്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, വി.ആർ സുധീഷ്, സീനിയർ ജേണലിസ്‌റ്റ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി വിജയകുമാർ എന്നിവർ പങ്കെടുത്തു.ഈ മാസം 22 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |