കട്ടപ്പന: സംസ്ഥാന അതിർത്തി കടന്നെത്തുന്ന നാടോടികൾ നഗരത്തിൽ കുട്ടികളുമായി വിലസുന്നു. കേരള- തമിഴ്നാട് അതിർത്തി കടന്ന് നിരവധി തമിഴ് നാടോടികളാണ് കേരളത്തിൽ എത്തുന്നത്. പ്രധാനമായും അതിർത്തി പങ്കിടുന്ന മേഖലകളിലാണ് ഇവരുടെ സാന്നിധ്യം. അന്തർ സംസ്ഥാന ബസുകളിൽ ദിനംപ്രതി നിരവധി നാടോടികൾ ജില്ലയിലടക്കം എത്തുന്നു.
സേഫ്‌റ്റി പിൻ, അനുബന്ധ സാധനങ്ങൾ തുടങ്ങിയവ നഗരവീഥികളിൽ നടന്ന് വിൽപ്പന നടത്തുന്നു. എന്നാൽ ഇവരോടൊപ്പം കൊച്ചുകുട്ടികളാണുള്ളത്. ഇവർ തിരക്കുള്ള സ്ഥലങ്ങളിൽ മോഷണമടക്കം നടത്താനുള്ള സാദ്ധ്യതയും നാട്ടുകാർ ആരോപിക്കുന്നു. കൊച്ചുകുട്ടികളെ കൈയിൽ പിടിച്ചു നടക്കുന്നത് ഇവരുടെ കച്ചവട തന്ത്രമാണെങ്കിലും ഇതിന് പിന്നിൽ വലിയ ലോബി പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും നിലനിൽക്കുകയാണ്. മുമ്പ് പാഴ് വസ്തുക്കൾ ശേഖരിക്കാൻ നാടോടികൾ എത്തിയിരുന്നു. അതിൽ നിന്ന് മാറിയാണ് ഇപ്പോൾ ചെറിയ വസ്തുക്കളുടെ വില്പനയുമായി നഗരവീഥികളിൽ ഇവർ പ്രത്യക്ഷപ്പെടുന്നത്. സംഭവത്തിൽ വനിത ശിശു വികസന വകുപ്പ് കർശന പരിശോധനയിലാണ്. സംസ്ഥാനത്ത് ബാലവേലകളുടെ ശതമാനം തീർത്ത് കുറവാണെങ്കിലും മറ്റ് സംസ്ഥാനത്ത് നിന്ന് എത്തുന്നവരുടെ കണക്ക് വലിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ കാണാനാകുന്നുണ്ട്.
കുട്ടികൾക്കായി പദ്ധതികൾ അനവധി
ബാലവേലയിൽ ഏർപ്പെടുന്ന, തെരുവിൽ അലയുന്നത്, ഭിക്ഷ യാചിക്കുന്നത്, കടത്തിന് വിധേയമാകുന്ന, സ്‌കൂൾ പഠനം ഉപേക്ഷിച്ചത് എന്നിങ്ങനെയുള്ള കുട്ടികൾക്ക് വേണ്ടി നിരവധി പദ്ധതികളും സംവിധാനങ്ങളുമുണ്ട്. ബാലവേല, ബാലഭിക്ഷാടനം, ബാല ചൂഷണം എന്നിവയ്‌ക്കെതിരെ തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ശരണ ബാല്യം. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സംരക്ഷണം പുനരാധിവാസം എന്നിവ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന നിയമ സംവിധാനമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി. പ്രയാസകരമായ സാഹചര്യത്തിലുള്ള ഏതൊരുക്കുട്ടിയെയും സംബന്ധിച്ച വിവരം ലഭിച്ചാൽ പൊലീസ്, ചൈൽഡ് ലൈൻ, വെൽഫയർ കമ്മിറ്റി, മറ്റ് വകുപ്പുകൾ എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ തുടർ സംരക്ഷണത്തിന് അടിയന്തരമായി നടപടി സ്വീകരിക്കും. ചൈൽഡ് റെസ്‌ക്യൂ ഓഫീസറുടെ സേവനം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ലഭ്യമാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ചൂഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കാം- 1098,1517 (24 മണിക്കൂർ)
കുട്ടികളുമായി കറങ്ങിയ നാടോടി സ്ത്രീകളെ പിടികൂടി
നഗരത്തിൽ ഏതാനും നാളുകളായി സേഫ്‌റ്റി പിൻ, ഇയർ ബഡ്സ് തുടങ്ങിയ വസ്തുക്കൾ വിൽക്കുന്നതിനായി ചുറ്റിത്തിരിഞ്ഞിരുന്ന നാടോടി സ്ത്രീകളെ പിടികൂടി. ഇവരോടൊപ്പം കൈ കുഞ്ഞുങ്ങൾ ഉൾപ്പടെ ഉണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി പരിശോധന മുഖേനയാണ് ഇവരെ പിടികൂടിയത്. വനിതാ- ശിശു വികസന വകുപ്പ് , ചൈൽഡ് വെൽഫെയർ കമ്മിറ്റി, കാവൽ, കാവൽ പ്ലസ്, ലേബർ ഡിപ്പാർട്‌മെന്റ്, പൊലീസ് എന്നിവരുടെ സംയുക്ത പരിശോധനയാണ് നടന്നത്.
തമിഴ്നാട് ചിന്നമന്നൂർ സ്വദേശികളാണ് ഇവരെന്നാണ് നിഗമനം. ബാബു എന്നറിയപ്പെടുന്ന ഒരു പുരുഷനും അഞ്ച് സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരോടൊപ്പം മൂന്ന് കൈക്കുഞ്ഞും 6, 7 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. നഗരത്തിൽ പല ഇടങ്ങളിലായിട്ടാണ് ഇവർ ചുറ്റിതിരഞ്ഞിരുന്നത്. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയ ഇവരെ സി.ഡബ്ല്യു.സിയുടെ മുന്നിൽ ഓൺലൈനായി ഹാജരാക്കി തുടർ നടപടികൾ സ്വികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |