ഷെഗാവ്: ഇരുട്ടിവെളുക്കുമ്പോൾ മുടി മുഴുവൻ കൊഴിഞ്ഞുപോകുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ഷെഗാവ് തഹസിൽ നിവാസികൾ. സംഭവം റിപ്പോർട്ട് ചെയ്തിട്ട് മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്.
രോഗ കാരണം കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിലെയും ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെയും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെയും 50ലധികം മെഡിക്കൽ വിദഗ്ധരും പ്രാദേശിക ഡോക്ടർമാരും സ്ഥലത്തെത്തുകയും വെള്ളത്തിന്റെയും മണ്ണിന്റെയുമൊക്കെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‌തിരുന്നു,
പന്ത്രണ്ട് ഗ്രാമങ്ങളെയാണ് അജ്ഞാത രോഗം ബാധിച്ചത്. വെള്ളിയാഴ്ച ജില്ലാ ഭരണകൂടം എല്ലാ ജലസ്രോതസുകളും ക്ലോറിനേഷൻ ചെയ്യാൻ നിർദേശം നൽകിയിരുന്നു. 'ഇതുവരെയെടുത്ത സാമ്പിളുകളിൽ നിന്ന് 40 ശതമാനം നൈട്രേറ്റിന്റെ ഉയർന്ന സാന്ദ്രത കാണിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. വീടുതോറുമുള്ള സർവേ നടത്താൻ തുടങ്ങിയപ്പോഴാണ് പ്രശ്നത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഞങ്ങൾക്ക് മനസിലായത്.' - ബുൽധാന ജില്ലയുടെ കളക്ടർ കിരൺ പാട്ടീൽ പറഞ്ഞു.
ആൺ പെൺ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയിൽ കൂടുതൽ ആൾക്കാരും ഈ അവസ്ഥയുടെ പിടിയിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഒരു ലക്ഷണവുമില്ലാതെയാണ് പത്തും പന്ത്രണ്ടും വയസായവരുടേത് ഉൾപ്പെടെ മുടി പൊഴിയുന്നത്. ആദ്യം ചെറിയ രീതിയിലാണ് കൊഴിച്ചിൽ തുടങ്ങുന്നത്. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ മുടി ഏറെക്കുറെ നഷ്ടമാകുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ മൊട്ടത്തലയാകും.
'ഞാൻ ഒരു ബാർബർ ഷോപ്പിൽ പോയി. രോഗബാധിത ഗ്രാമത്തിൽ നിന്നായതിനാൽ ബാർബർ എന്റെ തല മൊട്ടയടിക്കാൻ വിസമ്മതിച്ചു. അയൽ ഗ്രാമത്തിലെ സാമൂഹിക സമ്മേളനത്തിൽ എന്നെ പങ്കെടുപ്പിച്ചില്ല.'- ഒരാൾ പറഞ്ഞു.
'മറ്റ് ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ ഞങ്ങളോട് സംസാരിക്കുന്നത് നിർത്തി. അവരുടെ ഗ്രാമത്തിലെയും ഞങ്ങളുടെ ഗ്രാമത്തിലെയും കുടുംബങ്ങൾ തമ്മിലുള്ള വിവാഹാലോചനകൾ റദ്ദാക്കി.'- ബോണ്ട്ഗാവിലെ വൃദ്ധനായ ഗ്രാമീണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |