കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് വീഴ്‌ചയിൽ റിപ്പോർട്ട് തേടിയെന്ന് റൂറൽ എസ്‌പി വൈഭവ് സക്‌സേന. വീഴ്‌ചയുണ്ടെങ്കിൽ അതിൽ ശക്തമായ നടപടിയുണ്ടാവും. കൗൺസിലർ കലാ രാജുവിന്റെ 164 മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കവെയാണ് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൽഡിഎഫ് പ്രവർത്തകർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിൽ അനൂപ് ജേക്കബ് എംഎൽഎയ്‌ക്കെതിരെയും കേസ് എടുത്തു. യുഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചതിലാണ് എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ തന്നെ തട്ടിക്കൊണ്ടുപോയത് സിപിഎമ്മുകാരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കൗൺസിലർ കല രാജു രംഗത്തെത്തിയിരുന്നു. തന്റെ കാൽ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും കല രാജു പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു കൗൺസിലറുടെ ആരോപണം.
അതിനിടെ, കൗൺസിലറെ തട്ടികൊണ്ടുപോയത് കോൺഗ്രസാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. അവിശ്വാസ പ്രമേയത്തിന് നാല് ദിവസം മുൻപാണ് കലാ രാജുവിനെ കാണാതായതെന്നും എവിടെയായിരുന്നു എന്ന് അവർ വ്യക്തമാക്കട്ടെയെന്നും മോഹനൻ ആവശ്യപ്പെട്ടു. കലയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അക്കാര്യം പാർട്ടി പരിശോധിക്കും. അവരുമായി വീണ്ടും സംസാരിക്കാൻ തയ്യാറാണ്. സംഘർഷമുണ്ടാക്കിയത് കോൺഗ്രസ് ആണെന്നും മോഹനൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |