കോട്ടയം: വേനൽ ചൂട് കടുത്തതോടെ ഉത്പാദനത്തിലെ ഇടിവ് റബർ വില ഉയർത്തുന്നു. വില വർദ്ധന നിയന്ത്രിക്കാൻ ടയർ നിർമ്മാതാക്കൾ സജീവമായെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. ആർ.എസ്.എസ് ഫോർ വ്യാപാരി വില 180ൽ നിന്ന് 184ലേക്കും റബർ ബോർഡ് വില 192 രൂപയിലേക്കും ഉയർന്നു. വില 200 രൂപയിലെത്തിക്കാൻ ടാപ്പിംഗ് നിറുത്തി ഉത്പാദക സംഘങ്ങൾ പ്രതിഷേധ സമരം നടത്തുമ്പോഴും വിപണിയിൽ വിട്ടുനിന്ന് ടയർലോബി സമ്മർദ്ദം തുടരുകയാണ്. അന്താരാഷ്ട്ര വില ഉയരുന്നതാണ് ടയർ ലോബിയുടെ നീക്കത്തിന് തിരിച്ചടിയാകുന്നത്. ചൈനയിൽ വില 195ൽ നിന്ന് 197 രൂപയായും ടോക്കിയോയിൽ 203ൽ നിന്ന് 205ലേക്കും ബാങ്കോക്കിൽ 195ൽ നിന്ന് 197 രൂപയിലേക്കും വില ഉയർന്നു . ഉത്പാദനം കുറയുന്നതിനാൽ ഷീറ്റ് വില ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കുരുമുളക് ക്ഷാമം വില ഉയർത്തുന്നു
കുരുമുളകിന് ക്ഷാമമായതോടെ വിലയും ഉയർന്നു തുടങ്ങി. ഉത്പാദന ഇടിവ് അന്താരാഷ്ട്ര വിലയും ഉയർത്തി. ഹൈറേഞ്ച് കുരുമുളകിന് രണ്ടാഴ്ചക്കുള്ളിൽ കിലോക്ക് 15 രൂപ കൂടി. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അയ്യപ്പഭക്തന്മാർ കൂടുതൽ കുരുമുളക് വാങ്ങിയതും വില ഉയർത്തി. കാലാവസ്ഥാ വ്യതിയാനം മൂലം ഈ വർഷം ഉത്പാദനം കുറയുമെന്നാണ് വിലയിരുത്തൽ. ചരക്കു സേവന നികുതി വെട്ടിച്ചുള്ള കച്ചവടവും വർദ്ധിച്ചു. നികുതി വെട്ടിച്ച് തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങൾ ഉത്തരേന്ത്യൻ വിപണി പിടിച്ചു. ഇന്ത്യയുടെ കയറ്റുമതി നിരക്ക് ഒരു ടൺ കുരുമുളകിന് 7900 ഡോളർ. വിയറ്റ് നാം 6900, ശ്രീലങ്ക, ബ്രസീൽ 7000, ഇന്തോനേഷ്യ 7200 ഡോളർ എന്നിങ്ങനെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |