ചാലക്കുടി: വ്യവസായ പ്രമുഖനും ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പ് ചെയർമാനുമായ സിപി.പോൾ ചുങ്കത്ത് (83) നിര്യാതനായി. ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഗവ. ഐ.ടി.ഐക്ക് സമീപത്തെ വസതിയിൽ ഇന്ന് വൈകിട്ട് രണ്ട് വരെ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്‌കരിക്കും.
നിരവധി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് സി.പി.പോൾ. ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. പല സംഘടനകളും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ജെയിംസ് ആശുപത്രി, പനമ്പിള്ളി ഗോവിന്ദ മേനോൻ ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപക കൺവീനറായിരുന്നു.
ലയൺസ് ക്ലബ്ബിന്റെ ചാലക്കുടിയിലെ സ്ഥാപകൻ, ഗോൾഡ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ദീപിക ദിനപ്പത്രത്തിന്റെ ഡയറക്ടർ, ചുങ്കത്ത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ തുടർന്ന് വരികയായിരുന്നു. മന്ത്രി പ്രൊഫ.ആർ.ബിന്ദു, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ്, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ പ്രഭു വാര്യർ തുടങ്ങിയവർ പുഷ്പ ചക്രം അർപ്പിച്ചു. മേലൂർ ഉപ്പൂട്ടുങ്ങൽ തെക്കൻ കുടുംബാംഗം ലില്ലിയാണ് പോളിന്റെ ഭാര്യ. രാജി, രാജീവ്, രഞ്ജിത്ത്, രേണു എന്നിവർ മക്കളും ഡോ.ടോണി തളിയത്ത്, ആനി രാജീവ് ആലപ്പാട്ട്, ഡയാന ആലപ്പാട്ട് പാലത്തിങ്കൽ, അഭി ഡേവിസ് കാട്ടൂക്കാരൻ എന്നിവർ മരുമക്കളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |