ചെറുതുരുത്തി: വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെ പതിനഞ്ചാം പാലത്തിന് സമീപം മദ്ധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചെറുതുരുത്തി തഴപ്ര തെക്കേക്കരമേൽ വീട്ടിൽ രാമൻ മകൻ രവീന്ദ്രൻ എന്ന രവിയാണ് (58) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.
വെട്ടിക്കാട്ടിരിയിൽ ഓട്ടോ ഡ്രൈവറും ചെത്തു തൊഴിലാളിയുമാണ് രവി. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്‌പ്രസാണ് തട്ടിയത്. റെയിൽവേ ട്രാക്കിന് സമീപം രവീന്ദ്രൻ ഓടിച്ചിരുന്ന ഓട്ടോ നിറുത്തിയിട്ടുണ്ട്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനം.
മൂന്നുപേർ മരണമടഞ്ഞുവെന്ന വിവരം പരന്നെങ്കിലും പ്രാഥമിക അന്വേഷണത്തിൽ മറ്റാരെയും കണ്ടെത്താനായിട്ടില്ല. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വള്ളത്തോൾ നഗർ സ്റ്റേഷൻ മാസ്റ്റർ ചെറുതുരുത്തി പൊലീസിനെ വിവരം അറിയിച്ചു. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കൾ : രാഹുൽ, ഹർഷ, ഹരിത. മരുമകൻ: രാജേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |