ഉദിയൻകുളങ്ങര: കരമന-കളിയിക്കാവിള ദേശീയപാതയായ ഉദിയൻകുളങ്ങര ജംഗ്ഷനിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം കൂടുന്നു. മാത്രമല്ല, പരിസരത്ത് മോഷണവും വർദ്ധിച്ചു. രണ്ടുമാസം മുമ്പ് ഉദിയൻകുളങ്ങര ഇലങ്കം റോഡിൽ യുവാവിന്റെ ബൈക്ക് വീട്ടുമുറ്റത്ത് നിന്നും രണ്ട് യുവാക്കൾ മോഷ്ടിച്ചിരുന്നു. പരാതിയെ തുടർന്ന് പാറശാല പൊലീസ് അന്വേഷിച്ചപ്പോൾ മൂന്ന് കി.മീ. അകലെ വാഹനത്തിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് അമരവിള കണ്ണൻകുഴി ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മഞ്ചവിളാകം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് ഉദിയൻകുളങ്ങര ഉപേക്ഷിച്ച നിലയിലും കണ്ടെത്തുകയുണ്ടായി. കഴിഞ്ഞയാഴ്ച വീണ്ടും മൂന്ന് ടൂവീലറുകൾ റോഡ് അരികത്തുപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിന്റെ അവകാശികൾ ആരെന്നോ മോഷ്ടിച്ചതാരെന്നോ കണ്ടെത്താൻ പൊലീസിനു കഴിയാത്തതിൽ ആക്ഷേപമുണ്ട്.
ദുരൂഹതയേറുന്നു
തമിഴ്നാട്,നെയ്യാറ്റിൻകര രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ ഉപേക്ഷിച്ച നിലയിൽ ഉദിയൻകുളങ്ങര ജംഗ്ഷനിൽ കിടപ്പായിട്ട് നാളേറെയായി. ഈ പ്രദേശത്ത് ലഹരി മാഫിയാസംഘത്തിന്റെ ശല്യവുമുണ്ട്. ഈ പരിസരം ചുറ്റിപറ്റി വാഹനങ്ങൾ ഉപേക്ഷിച്ച് പോകുന്ന ദുരൂഹതകളും ഏറുന്നു. അടുത്തിടെ പലവകുളങ്ങര ശിവക്ഷേത്രത്തിലും ഇലങ്കം ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഒരു തവണ മോഷ്ടാവിനെ പിടികൂടി. വാഹനങ്ങൾ തിരികെ കിട്ടുമ്പോൾ കേസുകൾ പിൻവലിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാത്തത് കുറ്റകൃത്യങ്ങൾക്ക് വീണ്ടും പ്രചോദനം നൽകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |