കൊച്ചി: കേരളത്തിലെ മൂന്ന് തീരദേശ മേഖലകളിൽ കടൽമണൽ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നേറുന്നതിനിടെ പ്രതിഷേധവും പ്രക്ഷോഭവും കടുപ്പിക്കാൻ മത്സ്യമേഖല. മത്സ്യബന്ധനം, സംസ്കരണം, വിപണനം എന്നിവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സംസ്ഥാന സർക്കാരും പദ്ധതിയിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
കടലിൽ അടിഞ്ഞിട്ടുള്ള മണൽ ഖനനം ചെയ്തെടുത്താൽ 50 വർഷത്തേയ്ക്ക് നിർമ്മാണ മേഖലയ്ക്ക് വിനിയോഗിക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഖനന മന്ത്രാലയത്തിന്റെ കണ്ടെത്തൽ. കേരളത്തിൽ അഞ്ചു മേഖലകളിൽ 275 ദശലക്ഷം ടൺ കടൽ മണലുണ്ടെന്നാണ് വിലയിരുത്തൽ. ഇവയെ 10 ബ്ലോക്കുകളാക്കി തിരിച്ചതിൽ കൊല്ലത്തെ മൂന്നിടങ്ങളാണ് കേന്ദ്രം ലേലം ചെയ്യുന്നത്. കൊല്ലം ഭാഗത്ത് 300 ദശലക്ഷം ടൺ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയത്.
നിർമ്മാണാവശ്യങ്ങൾക്കുള്ള മണലിന് പുറമെ, ലൈം മഡ്, പോളിമെറ്റാലിക് നോഡ്യൂളുകൾ തുടങ്ങിയ വിഭവങ്ങളുമുണ്ട്. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അന്താരാഷ്ട്ര ഖനനമേഖലയിൽ ഇന്ത്യയെ പ്രധാന രാജ്യമായി മാറ്റുമെന്നും കേന്ദ്രം പറയുന്നു. സുതാര്യവും മത്സരാധിഷ്ഠിതവുമായ ലേലനടപടികളിലൂടെ നിക്ഷേപകരെ ആകർഷിക്കും. ഇതിനായി കൊച്ചിയിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച റോഡ് ഷോയിൽ മൂന്നു സംരംഭകർ ഖനനത്തിന് താത്പര്യം അറിയിച്ചിരുന്നു. ഇ ലേലത്തിൽ പങ്കെടുക്കാൻ താല്പര്യപത്രങ്ങൾ ഫെബ്രുവരി 18നകം സമർപ്പിക്കണം. 27ന് ടെൻഡർ നടപടികൾ പൂർത്തീകരിക്കും.
മത്സ്യസമ്പത്ത് തകരും
ഭരണഘടനാപരമായി 12 നോട്ടിക്കൽ മൈൽ വരെ തീരദേശത്തിന്റെ പരിപാലന അവകാശം സംസ്ഥാനത്തിനാണ്. തീരദേശ പരിപാലന വിജ്ഞാപനം 2011ൽ പുതുക്കിയപ്പോൾ അവകാശം കേന്ദ്രം ഏറ്റെടുത്തു. പുറംകടൽ ധാതുഖനനവുമായി ബന്ധപ്പെട്ട 2002ലെ നിയമം 2023ൽ ഭേദഗതി ചെയ്താണ് കേന്ദ്രം മണൽ വില്പനയ്ക്ക് നേരിട്ടിറങ്ങിയത്. ഇതിൽ സംസ്ഥാനം എതിർപ്പ് അറിയിച്ചിട്ടുണ്ട്. പദ്ധതി നിർദ്ദേശം വന്നതുമുതൽ മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്. മത്സ്യങ്ങളുടെ പ്രജനനമേഖലയെ തകർക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
കടൽ മണൽ നിക്ഷേപമുള്ള കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളും മത്സ്യസമ്പത്തിൽ സമ്പന്നമാണ്. പുല്ലൻ ചെമ്മീൻ, മണൽക്കൊഞ്ച്, പല്ലിക്കോര, കരിക്കാടി, പൂവാലൻ, ചെമ്മീനുകൾ, കിളിമീൻ, ചാള, കലവ, അയില, നെത്തോലി തുടങ്ങി കയറ്റുമതി പ്രധാനവും ആഭ്യന്തര ഉപഭോഗത്തിൽ പ്രിയങ്കരവുമായ മത്സ്യങ്ങൾ ഇവിടെയുണ്ട്.
ആയിരത്തിലധികം ട്രോൾ ബോട്ടുകളും, അഞ്ഞൂറോളം ഫൈബർ വള്ളങ്ങളും നൂറോളം ഇൻ-ബോർഡ് വള്ളങ്ങളും പ്രവർത്തിക്കുന്നുണ്ട്. കടൽമണൽ നിക്ഷേപത്തിന്റെ മുകളിൽ ഒന്നര മീറ്റർ വരെ കനത്തിൽ ചെളിയും അവശിഷ്ടങ്ങളും മാറ്റിയാണ് ഖനനം നടത്തുക. മത്സ്യങ്ങളുടെ കേന്ദ്രമായി മേൽമണ്ണ് ഖനനം മൂലം നശിക്കും
കടൽമണൽ വില്പനയ്ക്കെതിരേ കേരളത്തിലെ എല്ലാ സംഘടനകളും സമരമുഖത്താണ്. ഇതിനെ അവഗണിച്ച് ഖനനം തുടങ്ങിാൽ ശക്തമായ സമരത്തിന് കേരളതീരങ്ങൾ വേദിയാകും.
ചാൾസ് ജോർജ്
പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |