ദേഹമാസകലം ഭസ്‌മം പൂശിയവർ, ജഡ മൂടിയ ശിരസും കാവി പുതച്ച ശരീരവും.. ഉത്തർപ്രയാഗ് രാജിൽ നടന്നുവരുന്ന മഹാകുംഭമേളയുടെ രൂപമാണിത്. ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26ന് സമാപിക്കുന്ന മഹാകുംഭമേളയിൽ അധികം പരാമർശിക്കപ്പെടാത്ത സ്ത്രീകളായ നാഗസാധുക്കളുടെ ജീവിതം മറ്റൊരു വിസ്‌മയമാണ്. പലപ്പോഴും നാഗസാധുക്കളിൽ പുരുഷന്മാരെ മാത്രമാണ് ക്യാമറാക്കണ്ണുകൾ ഒപ്പിയെടുക്കാറ്. എന്നാൽ അതികഠിനമായ നിഷ്‌ഠകളിലൂടെ പുരുഷ സാധുക്കൾക്കൊപ്പം ഉയർന്ന തലത്തിലേക്ക് കടക്കുന്നവരാണ് സ്ത്രീകളായ നാഗ സാധുക്കളും.
നാഗസാധുവാകാൻ ഒരു സ്ത്രീ തീരുമാനിച്ചു കഴിഞ്ഞാൽ ഒട്ടും സരളമായിരിക്കില്ല തുടർന്നുള്ള യാത്ര. ഭാര്യയായും സഹോദരിയായും അമ്മയായുമൊക്കെയുള്ള ഭൂതകാലജീവിതത്തിന് പിണ്ഡം വച്ചുവേണം അതിനൊരുങ്ങാൻ. അതുവരെ അനുഭവിച്ചുവന്ന എല്ലാം സുഖദുഖങ്ങളും ത്യജിച്ച്, തന്നെ പൂർണമായും മഹാദേവന് (പരമശിവൻ) അർപ്പിച്ചുകൊണ്ടുള്ളതാകണം നാഗസാധ്വിയുടെ പ്രയാണം.
പ്രാരംഭ പ്രക്രിയകൾ അതികഠിനമാണ്. പുരുഷ സാധുക്കളുടെതുപോലുള്ള എല്ലാ നടപടിക്രമങ്ങളിലൂടെയും സ്ത്രീ സാധുവും കടന്നുപോകണം. തന്റെ ഗുരുവിൽ പൂർണമായും അർപ്പിതയാകണം. പരീക്ഷണങ്ങളും, വിചാരണകളും നേരിട്ട് പരിശീലനങ്ങളിൽ ഉറച്ച് നിൽക്കണം. ഇതിന്റെ ആദ്യഘട്ടം 'ഞാൻ' എന്ന ഭാവത്തെ ത്യജിക്കുക എന്നതാണ്. അഹംബോധം, മോഹം, സ്വത്വം എന്നിവ ത്യജിക്കണം. നാഗസാധ്വിയായി മാറുന്നതിന് ആറ് മുതൽ 12 വർഷം മുമ്പേ തന്നെ ബ്രഹ്മചര്യം അനുഷ്‌ഠിക്കണം. ഗുഹകളിലും, വനാന്തരങ്ങളിലും, പർവതങ്ങളിലും ഏകാന്തയായി തപസനുഷ്‌ഠിക്കണം. അഖാഡകളിലെ കർശനമായ അനുഷ്‌ഠാനങ്ങൾ പാലിച്ച് ജീവിക്കണം. തുന്നലുകൾ പാടില്ലാത്ത കാവിവസ്ത്രങ്ങൾ ധരിക്കാം. ഗണ്ഡി എന്നാണ് ഈ വസ്ത്രം അറിയപ്പെടുന്നത്. നെറ്റിയിൽ തിലകം അണിയണം. ജഡാധാരിയായി മാറണം. സന്യാസം സ്വീകരിക്കുന്ന വേളയിൽ 'പിണ്ഡദാനം' എന്നറിയപ്പെടുന്ന ചടങ്ങ് സ്വയം നിർവഹിക്കണം. നിലവിലെ ജീവിതത്തിനും പുനർജന്മത്തിനും പിണ്ഡംവയ‌്ക്കുന്നതാണ് ഈ ചടങ്ങ്.
എന്ത് കഴിക്കാം- കിഴങ്ങ് വർഗങ്ങൾ, പഴങ്ങൾ, ഇലകൾ, ഔഷധസസ്യങ്ങൾ എന്നിവയാണ് ഭക്ഷണം.
കുംഭമേളാ സമയത്ത് താമസം- ഓരോ അഖാഡകളിലും സ്ത്രീ സാധ്വികൾക്കായി പ്രത്യേകം താമസസൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. എന്നാൽ പുരുഷ നാഗസാധുക്കൾ സ്നാനം നിർവഹിച്ചതിന് ശേഷമേ ഇവർക്ക് സ്നാനത്തിന് കഴിയുകയുള്ളൂ.
അറിയപ്പെടുന്നത്- അഖാഡകളിൽ മായി, അവധൂതനി, നാഗിൻ എന്നീ പേരുകളിലാണ് നാഗസാധ്വിമാർ അറിയപ്പെടുന്നത്.
പ്രധാനപ്പെട്ട അഖാഡകളിൽ ഒന്നായ ജുന അഗാഡയുടെ വക്താവായ ശ്രീമഹന്ത് നാരായൺ ഗിരി പറയുന്നത് അയ്യായിരത്തോളം പുതിയ നാഗസന്യാസിമാർ തങ്ങളുടെ അഖാഡയിൽ സൃഷ്‌ടിക്കപ്പെട്ടു എന്നാണ്. സാമാനമായി മറ്റ് അഡാഗകളിൽ സന്യാസം സ്വീകരിക്കപ്പെട്ടവർ നിരവധി.
ഇത്തവണ 40 കോടി തീർത്ഥാടകർ ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകളിൽ ഭാഗഭാക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 24 കോടി പേർ പങ്കെടുത്തിരുന്നു. ഒന്നര നൂറ്റാണ്ടിനിടയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേള എന്ന പ്രത്യേകതയുള്ളതിനാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ഒട്ടേറെപ്പേർ മേളയിൽ പങ്കെടുക്കാൻ ഒഴുകിയെത്തും. മേളയ്ക്കു മുന്നോടിയായി നടന്ന സ്നാനത്തിൽ മാത്രം 25 ലക്ഷം പേരാണ് പങ്കെടുത്തത്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ സ്നാനഘട്ടങ്ങളിൽ കുംഭമേളകൾ നടക്കാറുണ്ടെങ്കിലും മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണ് നടക്കുന്നത്.
1936- ലാണ് ഇത്തരത്തിൽ മഹാകുംഭമേള അവസാനമായി നടന്നത്. ഇനി നടക്കേണ്ടത് 2080-ൽ. ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്നതാണ് അർദ്ധ കുംഭമേള. 2019-ലാണ് ഏറ്റവും ഒടുവിലായി അർദ്ധ കുംഭമേള നടന്നത്. പന്ത്രണ്ടു വർഷത്തിൽ ഒരിക്കലാണ് പൂർണ കുംഭമേള. പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. വ്യാഴം ഗ്രഹം ഒരുവട്ടം സൂര്യനെ പ്രദക്ഷിണം ചെയ്യാൻ വേണ്ടുന്ന സമയമാണ് പന്ത്രണ്ടു വർഷം. അതിനെയാണ് ഒരു വ്യാഴവട്ടം എന്നു പറയുന്നത്.
കുംഭമേളയുടെ ചടങ്ങുകൾ
ഷാഹി സ്നാൻ: കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ടതും മഹത്തായതുമായ ആചാരങ്ങളിൽ ഒന്നാണ് ഷാഹി സ്നാൻ. ഈ ചടങ്ങിനിടെ, ഒരു പ്രത്യേക വിഭാഗത്തിന്റെ തലവൻ അല്ലെങ്കിൽ അഖാഡ (ഒരു കൂട്ടം സാധുക്കൾ) പുണ്യനദിയിൽ പുണ്യസ്നാനം നടത്താൻ ഘോഷയാത്ര നയിക്കും. ആദ്യത്തെ ഷാഹി സ്നാൻ ഏറ്റവും ശുഭകരമാണ്.
പതിവ് സ്നാൻ: തീർത്ഥാടകരും സന്യാസിമാരും പ്രത്യേക ശുഭമുഹൂർത്തങ്ങളിൽ പുണ്യനദികളിൽ ആചാരപരമായ സ്നാനം ചെയ്യുന്നു. കുളി എന്ന പ്രവൃത്തി പാപങ്ങളിൽ നിന്ന് ആത്മാവിനെ ശുദ്ധീകരിക്കുകയും ആത്മീയ പുണ്യം നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. 'സ്നാൻ തീയതികൾ" എന്നറിയപ്പെടുന്ന പ്രത്യേക തീയതികളിൽ കുളിക്കുന്നത് അത്യന്തം ശുഭകരം.
അഖാഡ ഘോഷയാത്രകൾ: സാധുക്കളുടെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ അഖാഡകൾ കുംഭമേളയിൽ വർണാഭമായതും ഉജ്ജ്വലവുമായ ഘോഷയാത്രകളിൽ പങ്കെടുക്കും. സവിശേഷമായ വേഷവിധാനത്തിൽ അലങ്കരിച്ച സാധുക്കളുടെ സാന്നിദ്ധ്യം, ഭക്തിഗാന ആലാപനം, ആയോധന കലകളുടെയും മറ്റ് പരമ്പരാഗത കലകളുടെയും പ്രദർശനം.
ഗംഗാ ആരതി: പുണ്യനദികളുടെ, പ്രത്യേകിച്ച് ഗംഗയുടെ തീരത്ത് സായാഹ്നത്തിൽ ആരതി ചടങ്ങുകൾ നടക്കും . വിളക്കുകൾ, ധൂപം, മന്ത്രോച്ചാരണങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ചടങ്ങ്. ഗംഗാ ആരതി ദൈവത്തോടും നദിയോടുമുള്ള ആദരവിന്റെ പ്രതീകമാണ്.
ആത്മീയ പ്രഭാഷണങ്ങൾ: മതഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനം, ഉൾക്കാഴ്ചകൾ, കഥകൾ എന്നിവ പങ്കുവയ്ക്കുന്നതിനായി സന്യാസിമാരും ആത്മീയ നേതാക്കളും പ്രഭാഷണങ്ങളും സത്സംഗങ്ങളും (ആത്മീയ സമ്മേളനങ്ങൾ) സംഘടിപ്പിക്കും. ഈ സെഷനുകൾ ആത്മീയ മാർഗനിർദേശം നൽകുകയും പങ്കെടുക്കുന്നവർക്കിടയിൽ സമൂഹബോധം വളർത്തുകയും ചെയ്യുന്നു.
സന്യാസ ദീക്ഷ: സന്യാസ ജീവിതത്തിലേക്കു പ്രവേശിക്കാനുള്ള ഉത്തമ അവസരമാണ് കുംഭമേള. ലൗകിക ജീവിതത്തോട് വിടചൊല്ലി, ആത്മീയ കാര്യങ്ങളിൽ മുഴുകാൻ ആഗ്രഹിക്കുന്നവർക്ക് സന്യാസ ദീക്ഷ സ്വീകരിക്കാൻ മേള അവസരമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |