കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവാഘോഷത്തിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വിലക്ക്. ഡിസ്‌പോസബിൾ ഗ്ലാസ്, പ്ലേറ്റ് തുടങ്ങിയവ അനുവദിക്കില്ല. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ വിവിധയിടങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും.
ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്‌ക്വാഡുകളെ നിയോഗിക്കാനും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അടുത്തമാസം രണ്ട് മുതൽ 9 വരെയാണ് ഉത്സവം.
കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നൽകാൻ നോട്ടീസുകൾ വിതരണം ചെയ്യും. ഉത്സവ നഗരിയിൽ ബാനറുകളും പ്ലക്കാർഡുകളും സ്ഥാപിക്കും. കൊച്ചി കോർപ്പറേഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ, ശുചിത്വ മിഷൻ എന്നിവയെ ഏകോപിപ്പിച്ചാകും ചട്ടപരിപാലനം.
വാർഡ് കൗൺസിലർ പദ്മജ എസ് . മേനോൻ, കൊച്ചി ദേവസ്വം ബോർഡ് അസി. കമ്മിഷണർ എം. ജി. യാഹുൽ ദാസ്, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, ആഘോഷ കമ്മിറ്റി അംഗങ്ങളായ ആർ. രാമകൃഷ്ണൻ, ജി. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ആനകൾ തമ്മിൽ
അകലം പാലിക്കണം
എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. ആനകളിൽ നിന്നും നിശ്ചിതദൂരം പാലിച്ച് ആളുകൾ നിൽക്കുന്നതും സഞ്ചരിക്കുന്നതും ഉറപ്പാക്കണം
പറയെടുപ്പിനുള്ള വഴിയിൽ അപകടകരമായ മരച്ചില്ലകൾ മുറിച്ചു നീക്കണം.
ഗതാഗതവും തിരക്കും നിയന്ത്രിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം
ക്ഷേത്രത്തിനകത്ത് വനിത പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാവണം
ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |