തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം,ഐ.ടി ഹബ്ബ്,മാളുകൾ തുടങ്ങിയ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലേക്കെത്തുന്നതോടെ തലസ്ഥാന നഗരത്തിൽ ഫ്ലാറ്റുകളുടെയും വില്ലകളുടെയും കുതിച്ചുചാട്ടം. കഴിഞ്ഞ വർഷങ്ങളിലേതിനെ അപേക്ഷിച്ച് ഈ വർഷം റെസിഡൻഷ്യൽ യൂണിറ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റെസിഡൻഷ്യൽ യൂണിറ്റുകളുടെ രജിസ്ട്രേഷനിൽ ഒന്നാം സ്ഥാനം നിലനിറുത്തിയിരുന്ന എറണാകുളത്തെ പിന്തള്ളിയാണ് തിരുവനന്തപുരത്തിന്റെ മുന്നേറ്റം. 2023ലേതിനെ അപേക്ഷിച്ച് 2024ൽ 49 ശതമാനം രജിസ്ട്രേഷൻ വർദ്ധനവുണ്ടായെന്നാണ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ (കെ-റെറ) കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഫ്ലാറ്റുകളും വില്ലകളും വാണിജ്യാടിസ്ഥാനത്തിലുള്ള ഫ്ലോട്ടുകളും അടക്കം 2987 റെസിഡൻഷ്യൽ യൂണിറ്റുകൾ 2024ൽ രജിസ്റ്റർ ചെയ്തു.എറണാകുളത്ത് 2864 യൂണിറ്റുകളാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്. 2022-23 കാലത്ത് 2000 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തിരുന്നിടത്താണ് ഇത്തവണ തിരുവനന്തപുരത്തുണ്ടായ ഈ വർദ്ധനവ്.
2024ൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തത് - 2987 റെസിഡൻഷ്യൽ യൂണിറ്റുകൾ
2022-23 കാലത്ത് - 2000 യൂണിറ്റുകൾ
തൊഴിൽ സാദ്ധ്യതയിൽ വർദ്ധനവ്
അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയും വ്യവസായ നഗരമെന്ന കൊച്ചിയുടെ മുഖച്ഛായയുമാണ് നേരത്തെ എറണാകുളത്തെ റിയൽ എസ്റ്റേറ്റ് ഹബ്ബായി കണക്കാക്കിയിരുന്നത്. എന്നാൽ, വൻകിട ബിൽഡിംഗുകളും ഫ്ലാറ്റുകളും തിങ്ങിനിറഞ്ഞതോടെ എറണാകുളത്തേക്കാൾ മെച്ചപ്പെട്ട സന്തുലിത വാസത്തിനായി ആളുകളെ തിരുവനന്തപുരത്തേക്ക് ആകർഷിക്കാൻ കാരണമായെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ആകർഷിച്ച്
വിഴിഞ്ഞം തുറമുഖം അടക്കമുള്ള പുതിയ തൊഴിൽ സാദ്ധ്യതകൾ, ഭരണകൂടസിരാകേന്ദ്രം, ഐ.ടി ഹബ്ബ്, മികച്ച ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ ഘടകങ്ങളും ആളുകളെ ആകർഷിക്കുന്നു. തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കടന്നുവരവും കൂടുതൽ നിക്ഷേപ സാഹചര്യങ്ങൾ തേടുന്നവരും പ്രൊഫഷണലുകളും തിരുവനന്തപുരത്ത് ഫ്ളാറ്റുകളും വില്ലകളും സ്വന്തമാക്കുന്നുണ്ട്. ആവശ്യക്കാർ ഏറിയതോടെ തിരുവനന്തപുരം നഗരത്തിലെ മിക്കസ്ഥലങ്ങളിലെയും ഭൂമി വിലയിലും വലിയതോതിലുള്ള വർദ്ധനവുണ്ടായിട്ടുണ്ട്.
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും കൂടുതൽ അവസരങ്ങളും നോക്കിയാണ് ആളുകൾ അനുയോജ്യമായ പാർപ്പിടങ്ങൾ കണ്ടെത്തുന്നത്. തിരുവനന്തപുരത്ത് അത്തരം പ്രയോജനങ്ങളും വികസനവും കൂടുതലായി ഉണ്ടാകുന്നുണ്ട്.അതാണ് റിയൽ എസ്റ്റേറ്റ് സാദ്ധ്യതകൾ വർദ്ധിക്കുന്നത്. സൈബർ സിറ്റി അടക്കമുള്ള കൂടുതൽ വികസനങ്ങളുണ്ടാകുന്നതോടെ താമസിയാതെ എറണാകുളത്തും ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും
: പി.എച്ച്.കുര്യൻ, ചെയർമാൻ,
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |