SignIn
Kerala Kaumudi Online
Thursday, 20 March 2025 4.23 AM IST

താങ്ങിയും തലോടിയും  'രാമലക്ഷ്മണൻമാർ"

Increase Font Size Decrease Font Size Print Page
a

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പരസ്പരം 'താങ്ങി" കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്താണ് ഐക്യമെന്നും ജനാധിപത്യമെന്നും നാട്ടുകാരെ ബോദ്ധ്യപ്പെടുത്തുന്ന ഈ രാമലക്ഷ്മണന്മാരാണ് യു.ഡി.എഫിന്റെ ഐശ്വര്യം. കളരിയഭ്യാസിയായ സുധാകര ഗുരുക്കളും പണ്ഡിതനും വാഗ്മിയും സുന്ദരനുമായ സതീശൻജിയും കൊണ്ടും കൊടുത്തും മുന്നേറുന്നതുകണ്ട് കോരിത്തരിച്ചാണ് രാഹുൽജിയുടെ വാർ റൂം മേധാവി കെ.സി. വേണുഗോപാൽജി കഴിഞ്ഞദിവസം ഡൽഹിക്കു വിമാനം കയറിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാനുള്ള ഫോർമുലയുമായാണ് വേണുജിയും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും കേരളത്തിലെത്തിയതെങ്കിലും സംസ്ഥാന നേതാക്കളുടെ ശുഷ്‌കാന്തിക്കും ദീർഘദൃഷ്ടിക്കും മുന്നിൽ നിഷ്പ്രഭരായി. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനുള്ള പണികൾ ചെയ്യുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പു പോലുള്ള ചീളുകേസുകളുമായി വരരുതെന്ന് രാമനും ലക്ഷ്മണനും കേന്ദ്രൻമാരെ ഓർമ്മപ്പെടുത്തി. സങ്കടംവന്ന വേണുജി ഡൽഹിക്കു മടങ്ങിയെങ്കിലും, മനസുമാറി അടുത്ത വിമാനം കയറി വീണ്ടും എത്തിയിട്ടുണ്ട്. സ്‌നേഹമുള്ളിടത്തേ പരിഭവവും പിണക്കവും ഉണ്ടാകൂ എന്ന് വിശ്വസിക്കാനാണ് വേണുജിക്കിഷ്ടം.
രാഹുൽജി, പെങ്ങൾജി, മമ്മിജി എന്നിവർ സതീശൻജിയോട് അത്ര അടുപ്പം കാണിക്കാത്തത് ചിലരുടെ ഏഷണിമൂലമാണെന്നാണ് സതീശൻജിയുടെ അടുപ്പക്കാർ പറയുന്നത്. ആതാരാണെന്നും അറിയാം.

ചിന്ന ചിന്ന

ആശകൾ
ഓരോ കാര്യവും പറഞ്ഞ് ഡൽഹിയിൽനിന്ന് ഇടയ്ക്കിടെ വേണുജി വരുന്നതിന്റെ ഗുട്ടൻസ് സതീശൻജിക്ക് മനസിലായെന്നും അത് സൂചിപ്പിച്ചെന്നുമാണ് വിവരം. മുഖ്യമന്ത്രിയാകാൻ ഒരുപാട് മിടുക്കന്മാർ ഇവിടെയുണ്ട്. മിടുമിടുക്കൻ മുഖ്യമന്ത്രിയാകും. ആ മിടുക്കനാരെന്ന്, താൻ കണ്ണാടിയിൽ മുഖം നോക്കി മനസിലാക്കിയിട്ടുണ്ടെന്ന് സതീശൻജി സൂചിപ്പിച്ചുകഴിഞ്ഞു. മിന്നുന്നതെല്ലാം പൊന്നല്ലെന്നാണ് ഇതിനുള്ള സുധാകർജിയുടെ മറുപടി. മൈക്കിനു മുന്നിൽ കഥാപ്രസംഗം നടത്തുന്നതല്ല രാഷ്ട്രീയം. മർമ്മാണിപ്രയോഗങ്ങൾ പഠിച്ചിരിക്കണം. ആനയുടെ മർമ്മം അറിയാത്ത പാപ്പാൻ ആനപ്പുറത്തിരുന്നിട്ടു കാര്യമില്ല. സംഘികളോടും സഖാക്കളോടും ഏറ്റുമുട്ടാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയിൽ ആരുമില്ല. ഇപ്പോഴത്തെ യൂത്തൻമാരെക്കൊണ്ട് ഒരു കാര്യവുമില്ല. മുഖ്യമന്ത്രി നയിച്ച നവകേരളയാത്ര തടയാൻപോയി തല്ലുകൊണ്ട് ചമ്മന്തിയായ യൂത്തന്മാർ ഇപ്പോഴും ഉഴിച്ചിൽ നടത്തുകയാണ്. എല്ലാ മണ്ഡലങ്ങളിലും യൂത്തന്മാരെ കളരിപ്പയറ്റ് പഠിപ്പിക്കണമെന്നാണ് സുധാകര ഗുരുക്കളുടെ അഭിപ്രായമെങ്കിലും ആർക്കും താത്പര്യമില്ല.

മൂത്തുമുരടിച്ചവർ മൂലയ്ക്കും ചുറുചുറുക്കുള്ളവർ കസേരയിലും ഇരിക്കുന്നതാണ് നാട്ടുനടപ്പെന്ന് എറണാകുളത്തെ യൂത്തൻമാരെക്കൊണ്ട് പറയിക്കുന്നത് സതീശൻജിയല്ലെന്ന് എല്ലാവർക്കും അറിയാം. ഇന്നത്തെ പ്രതിപക്ഷനേതാവാണ് നാളത്തെ മുഖ്യമന്ത്രി എന്ന കാര്യം പാർട്ടിയോഗങ്ങളിൽ സതീശൻജി ഇടയ്ക്കിടെ പറയുന്നുണ്ട്. അതായത്, പഴയ പ്രതിപക്ഷനേതാവല്ല. പ്രതിപക്ഷനേതാവിൽനിന്ന് സാദാ നേതാവായി ഹൈക്കമാൻഡ് തരംതാഴ്ത്തിയവരുടെ പൂതി നടപ്പില്ല എന്ന് വ്യംഗ്യമായി പറയുന്നു. സത്യമായിട്ടും ഇത് രമേശ് ചെന്നിത്തലയെ ഉദ്ദേശിച്ചല്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘികൾ മലർത്തിയടിച്ചവർക്കും മുഖ്യമന്ത്രിയാകാൻ അർഹതയില്ല എന്നും പറഞ്ഞിട്ടുണ്ട്. ഇത് കെ. മുരളീധരനെ ഉദ്ദേശിച്ചുമല്ല.

തൃശൂരിൽ ഉറപ്പായും ജയിക്കേണ്ട തന്നെ സ്വന്തം പാർട്ടിക്കാർ തോൽപ്പിച്ചെന്ന കെ. മുരളീധരന്റെ കരച്ചിൽ ഇനിയും അവസാനിച്ചിട്ടില്ല. ഇതിനു പരിഹാരം ചെയ്യാൻ ഇനിയും സമയമുണ്ട്. കെ.പി.സി.സി പ്രസിഡന്റായും മന്ത്രിയായും എം.പിയായും ഡിക്ക് പാർട്ടിയുടെ നേതാവായും കഴിവുതെളിയിച്ചിട്ടുള്ളയാളാണ്. എല്ലാവരും നിർബന്ധിച്ചാൽ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാൻ അദ്ദേഹം സമ്മതിച്ചേക്കാം.

കിളവൻമാർ

കൂത്താടരുത്!

വലിയ കളരിഗുരുക്കളാണെങ്കിലും പ്രായമായതിനാൽ സുധാകർജി വിശ്രമിക്കണമെന്നാണ് സതീശന്റെ അഭിപ്രായം. പിള്ളയില്ലാത്തിടത്ത് കിളവൻ കൂത്താടുന്നു എന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കരുതെന്നും ഓർമ്മിപ്പിക്കുന്നു. ഇംഗ്ലീഷും ഹിന്ദിയും അറിയാത്തവർ മുഖ്യമന്ത്രിയാകരുതെന്നും അഭിപ്രായമുണ്ട്.
സുധാകർജിക്ക് പ്രായമായെന്നും ഓർമ്മക്കുറവ്, കാലുകഴപ്പ്, നടുവുവേദന തുടങ്ങിയ പ്രശ്‌നങ്ങളുള്ളതിനാൽ വിശ്രമിക്കണമെന്നുമാണ് സതീശജിയുടെ അഭിപ്രായം. പൊതുവേ എല്ലാവരും ഇതിനോട് യോജിക്കുന്നുണ്ട്. തന്റെ ഒരുമുടി പോലും നരച്ചിട്ടില്ലെന്നാണ് ഇതിനുള്ള സുധാകർജിയുടെ മറുപടി. സംശയമുള്ളവർക്ക് പരിശോധിക്കാം. നല്ല ഓർമ്മയുമുണ്ട്. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പദയാത്ര നടത്താനും റെഡി. കണ്ണാടി നോക്കി മുഖ്യമന്ത്രിയെ ചൂണ്ടിക്കാട്ടുന്ന സുന്ദരൻമാർ ഫാഷൻ പരേഡിന് പോകട്ടേയെന്നാണ് സുധാകർജിയുടെ നിലപാട്. ബ്രണ്ണൻ മോഡൽ പ്രയോഗങ്ങൾ കൈയിലുള്ള കെ.പി.സി.സി പ്രസിഡന്റ് ഉള്ളതുകൊണ്ടാണ് കോൺഗ്രസുകാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്നത്. അങ്ങനെയുള്ള പ്രസിഡന്റ് മുഖ്യമന്ത്രിയായാൽ പാർട്ടിയും കേരളവും ശക്തിപ്പെടും.

കൂടോത്രക്കുഴികൾ

ചാടിക്കടന്ന ഗുരുക്കൾ

ഓടിച്ചാടി നടക്കുന്ന തന്നെ കിടത്താൻ ചിലർ കൂടോത്രം നടത്തി ചില സാധനങ്ങൾ പറമ്പിൽ കുഴിച്ചിട്ടെന്ന് സുധാകർജി മാസങ്ങൾക്കു മുമ്പ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ശരീരത്തിലെ സ്‌പെയർപാർട്‌സുകൾ മാരകപ്രയോഗങ്ങളിലൂടെ തകർത്തുകളയാനായിരുന്നു പരിപാടിയെങ്കിലും കൃത്യസമയത്ത് കണ്ടെത്തിയതിനാൽ രക്ഷപ്പെട്ടു. മന്ത്രതന്ത്രങ്ങളിൽ വിരുതനായ രാജ്‌മോഹൻ ഉണ്ണിത്താൻജിയാണ് രക്ഷിച്ചത്. ഇപ്പോഴത്തെ പാരകളും അന്നത്തെ പ്രയോഗങ്ങളും വച്ചുനോക്കുമ്പോൾ ചെയ്തയാളെ പിടികിട്ടിയെന്ന് സുധാകർജിയുടെ ശിഷ്യൻമാർ പറയുന്നു.
പറമ്പിൽനിന്ന് കോഴിത്തലകൾ, ചെമ്പുതകിടുകൾ, ആൾരൂപങ്ങൾ, കോഴികളുടെ ആത്മാക്കളെ കയറ്റി അടച്ചുഭദ്രമാക്കിയ കുപ്പികൾ എന്നിവയാണ് മാന്തിയെടുത്തത്. കോഴികൾ കാഴ്ചയിൽ നിസാരന്മാരാണെങ്കിലും പ്രേതങ്ങളായാൽ വലിയ പ്രശ്‌നക്കാരാണെന്നാണ് കർണാടകയിലെ മന്ത്രവാദികൾ പറഞ്ഞത്. കുപ്പി പൊട്ടുകയോ മൂടി തുറക്കുകയോ ചെയ്യാതിരുന്നതിനാൽ സുധാകർജി അദ്ഭുതകരമായി രക്ഷപ്പെട്ടു. കെ.പി.സി.സി ഓഫീസിൽ പ്രസിഡന്റിന്റെ കസേരയുടെ താഴെനിന്നും ചില സംഗതികൾ കിട്ടിയിരുന്നു. കൂടോത്രത്തിന്റെ കിടപ്പും മന്ത്രവാദി വന്ന രീതിയും വച്ചുനോക്കുമ്പോൾ സഖാക്കളോ സംഘികളോ അല്ലെന്ന് സുധാകർജിക്ക് ഉറപ്പുണ്ട്. സുധാകർജിയും സതീശൻജിയും അടയും ചക്കരയുംപോലെയാണെന്ന് എല്ലാവർക്കും അറിയാം.
കോൺഗ്രസിന്റെ സമരാഗ്‌നി ജാഥയോടനുബന്ധിച്ച് ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സതീശൻജി എത്താൻ വൈകിയതിന്, സുധാകർജി അടുത്തിരുന്നയാളോട് സ്വകാര്യമായി എന്തോ പറഞ്ഞത് ഹിറ്റായിരുന്നു. മൈക്ക് ഓഫ് ചെയ്യാതെയുള്ള പ്രയോഗമായിരുന്നതിനാൽ കേട്ടവരുടെ ചെവിയുടെ ഫ്യൂസ് പോയി.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.