സമൂഹ മനഃസാക്ഷിയെ വല്ലാതെ ഞെട്ടിച്ച സംഭവമായിരുന്നു പാറശാലയിലെ ഷാരോൺരാജ് എന്ന യുവാവിന്റെ ആസൂത്രിതവും പൈശാചികവുമായ കൊലപാതകം. കൊലയ്ക്കു പിന്നിൽ ഷാരോണിന്റെ കാമുകിയും ഉന്നത ബിരുദധാരിണിയുമായ ഗ്രീഷ്‌മ എന്ന യുവതിയാണെന്നുകൂടി അന്വേഷണത്തിൽ തെളിഞ്ഞതോടെ സ്വാഭാവികമായും കേസിലുള്ള താത്‌പര്യവും വർദ്ധിച്ചു. ദീർഘമായ വിചാരണയ്ക്കൊടുവിൽ കേസിലെ പ്രധാന പ്രതി ഗ്രീഷ്‌മ എന്ന ഇരുപത്തിനാലുകാരിക്ക് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി എ.എം. ബഷീർ ഇന്നലെ വധശിക്ഷ വിധിക്കുകയും ചെയ്തു. അപൂർവങ്ങളിൽ അപൂർവമെന്ന വിശേഷണത്തോടെയാണ് 586 പേജ് വരുന്ന വിധിന്യായത്തിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയും യുവതിയുടെ അമ്മാവനുമായ നിർമ്മലകുമാരൻ നായർക്ക് തെളിവു നശിപ്പിച്ച കുറ്റത്തിന് മൂന്നുവർഷം തടവുശിക്ഷയും വിധിച്ചു. ഗ്രീഷ്മയുടെ മാതാവിനെയും പ്രതിപ്പട്ടികയിൽ ചേർത്തിരുന്നുവെങ്കിലും കോടതി അവരെ വിട്ടയയ്ക്കുകയായിരുന്നു.
ഹൈക്കോടതിയുടെ അനുമതിയോടെയേ വധശിക്ഷ നടപ്പാക്കാനാവൂ എന്നതിനാൽ കേസ് രേഖകൾ ഹൈക്കോടതിയിലേക്ക് അയയ്ക്കുന്നതാണ്. മാത്രമല്ല പ്രതിക്ക് അപ്പീൽ പോകാനുള്ള അവകാശവുമുണ്ട്.
2022 ഒക്ടോബർ 14-ന്, കാമുകനായ ഷാരോണിനെ ഗ്രീഷ്മ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി, വിഷം കലർത്തിയ കഷായം നിർബന്ധിച്ചു കുടിപ്പിച്ചതിനെത്തുടർന്നാണ് ഷാരോൺ അവശനിലയിൽ ആശുപത്രിയിലായത്. പതിനൊന്നു ദിവസം ആശുപത്രിയിൽ കഴിഞ്ഞ്, ഒക്ടോബർ 25-ന് മരണമടയുകയും ചെയ്തു. വിഷക്കഷായം കൊടുക്കുന്നതിനു മുൻപും, ജ്യൂസിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം നടന്നതായി തെളിഞ്ഞിട്ടുമുണ്ട്. സൈനിക ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന് കാമുകനായ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് അയാളെ ഏതുവിധേനയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാൻ ഗ്രീഷ്‌മ ആസൂത്രിതമായി ശ്രമിച്ചതെന്ന് ശക്തമായ തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു.
ശാസ്ത്രീയമായ തെളിവു ശേഖരണത്തിലൂടെ ഒരു പഴുതും ശേഷിക്കാതെ പൊലീസ് നടത്തിയ സമർത്ഥമായ അന്വേഷണമാണ് തേഞ്ഞുമാഞ്ഞുപോകുമായിരുന്ന കേസിന് തുമ്പുണ്ടാക്കിയതും, പ്രതിക്ക് പരമാവധി ശിക്ഷയായ തൂക്കുകയർ തന്നെ വാങ്ങി നൽകാൻ സഹായിച്ചതും. സാധാരണഗതിയിൽ ഏതു ക്രൂരമായ കുറ്റകൃത്യങ്ങളിലും സ്ത്രീകൾക്ക് തൂക്കുകയർ വിധിക്കാറില്ലെങ്കിലും ഗ്രീഷ്‌മയുടെ കാര്യത്തിൽ ഒരുവിധ ഇളവും നൽകാൻ കോടതി തയ്യാറായില്ല. നാലു ഡസനോളം സാഹചര്യത്തെളിവുകൾ ഗ്രീഷ്‌മയ്ക്കെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയത് അതേപടി അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കുറ്റവാളിയുടെ പ്രായവും വിദ്യാഭ്യാസവുമൊന്നും ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ തടസമാകുന്നില്ലെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞു. അതിസമർത്ഥമായി കൃത്യം നടപ്പാക്കിയ പ്രതി തന്ത്രപൂർവം കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ആവതും ശ്രമിച്ചു.
പൈശാചിക മനസിന്റെ ഉടമയാണ് പ്രതിയെന്ന് കുറ്റകൃത്യം നടപ്പാക്കിയ രീതി പരിശോധിച്ചാൽ മനസിലാകും. പതിനൊന്നു ദിവസം മരണവുമായി മല്ലിട്ട് ആശുപത്രിയിൽ കഴിയുമ്പോഴും ഒരിക്കൽപ്പോലും ഷാരോൺ തന്റെ കാമുകിയായ ഗ്രീഷ്മയെ തള്ളിപ്പറഞ്ഞില്ലെന്നത് കോടതി പ്രത്യേകം എടുത്തുപറഞ്ഞു. വിശ്വാസവഞ്ചനയും പകയും കൊലപാതകം വരെ എത്തുന്ന പ്രതികാരവുമെല്ലാം സമൂഹത്തിന് ഏറെ പരിചിതമാണ്. എന്നാൽ ഗ്രീഷ്മ നടത്തിയതുപോലുള്ള ഒരു കൊലപാതകം അധികമാരും കേട്ടിരിക്കാനിടയില്ല. തന്നെ സ്വയം സമർപ്പിച്ചുകൊണ്ട് കാമുകനെ വിഷം ചേർത്ത കഷായം കുടിപ്പിച്ച് യമപുരിയിലേക്കയ്ക്കാൻ ഒരുമടിയും കാണിക്കാത്ത ഗ്രീഷ്മ പുതിയ കാലത്തിന്റെ ജീർണതയുടെ പ്രതിനിധിയാകാം. ഏതായാലും അർഹമായ ശിക്ഷയാണ് സ്വാർത്ഥമതിയായ ഈ യുവതിക്ക് കോടതി നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |