തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡ് രോഗികൾക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടായി ഒരു ദിവസം പോലും മുടങ്ങാതെ ഉച്ചയൂണ് നൽകി കനിവിന്റെ കരുതലായി ഒരു മനുഷ്യൻ. മാതാ വനിതാ ചാരിറ്റബിൾ സൊസൈറ്റിയുടെ അമരക്കാരനായ, നാട്ടുകാരെല്ലാം സ്വാമി അപ്പൂപ്പൻ എന്ന് വിളിക്കുന്ന പാൽക്കുളങ്ങര സ്വദേശി എം.രാധാകൃഷ്ണപിള്ളയാണ് ഒൻപതാം വാർഡിൽ മുടങ്ങാതെ ഉച്ചഭക്ഷണം എത്തിക്കുന്നത്.
92-ാം വയസിലും രോഗികൾക്കുള്ള ഭക്ഷണം മുടങ്ങരുതെന്ന ചിന്ത മാത്രമേയുള്ളൂ ഈ വയോധികന്.
അനാഥരാക്കപ്പെടുന്ന,മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നടക്കം കൈയൊഴിയുന്ന രോഗികൾക്ക് ചികിത്സ നൽകുന്നത് ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡിലാണ്.ഈ രോഗികളുടെ ദുരവസ്ഥ കണ്ടാണ് എം.രാധാകൃഷ്ണപിള്ള ഭക്ഷണം നൽകാൻ തീരുമാനിക്കുന്നത്.
2001 മാർച്ചിലാണ് വിതരണം ആരംഭിച്ചത്. കൊവിഡു കാലത്തും മുടങ്ങിയില്ല.
സിൽവർ ജൂബിലി നിറവിലെത്തിയ സേവനം 9-ാം വാർഡ് അങ്കണത്തിൽ രോഗികളും ആശുപത്രി അധികൃതരും ചേർന്ന് ആഘോഷമാക്കി എം.രാധാകൃഷ്ണപിള്ളയെ ആദരിച്ചു. സിൽവർ ജൂബിലിയാഘോഷം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു. മിൽമ റിട്ട.ഫിനാൻസ് മാനേജരും സാമൂഹ്യപ്രവർത്തകനുമായ ജോർജ് ജോസഫ് അദ്ധ്യക്ഷനായി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതി ജയിംസ്,ഡെപ്യൂട്ടി സൂപ്രണ്ട് ദിവ്യ,ആർ.എം.ഒ ഡോ.ജയകുമാർ,കൗൺസിലർ പി.അശോക് കുമാർ,സിസ്റ്റർ ഷർമ്മിള സാജൻ,മഹാദേവൻ,എം.രാധാകൃഷ്ണപിള്ളയുടെ മകളും മാതാ വനിത ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയുമായ ആർ.ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |