തിരുവനന്തപുരം: തമിഴ്‌നാട് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ. തുമ്പ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും നെയ്യാറ്റിൻകര സ്വദേശിയുമായ ഷിബുവിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് സസ്‌പെൻഡ് ചെയ്തു.
തമിഴ്നാട്ടിൽ നിന്ന് കുടുംബത്തോടൊപ്പം മൃഗശാല സന്ദർശിക്കാനെത്തിയ യുവതിയെ പിന്തുടർന്ന എസ്.ഐ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
സംഭവദിവസം ഉച്ചവരെ ഷിബു തുമ്പ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. അതിനു ശേഷമാണ് മ്യൂസിയം വളപ്പിലെത്തിയത്.
അതിക്രമത്തെ തുടർന്ന് യുവതി ബഹളംവച്ചതോടെ ബന്ധുക്കളും സന്ദർശകരും ചേർന്ന് ഷിബുവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ശേഷം യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നൽകി. മൃഗശാലയിലെ കൂടിനു സമീപം നിന്ന തന്റെ പിന്നിലെത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മൃഗശാലയിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച മ്യൂസിയം പൊലീസിന് പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു. ഞായറാഴ്ച രാത്രിതന്നെ ഷിബുവിനെ സസ്‌പെൻഡ് ചെയ്തു.
അറസ്റ്റ് ചെയ്ത് പ്രതിയെ ഇന്നലെ രാവിലെ നോട്ടീസ് നൽകി വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |