പത്തനംതിട്ട : പുറമേനിന്ന് നോക്കുമ്പോൾ ശാന്തമാണെന്ന് തോന്നുമെങ്കിലും ജില്ലയിലെ പല കടവുകളിലും മരണം പതിയിരിക്കുന്നുണ്ട്. പലയിടത്തും തീരത്തോട് അടുത്ത് ആഴം തോന്നില്ലെങ്കിലും കാൽ വയ്ക്കുന്നത് കയത്തിലേക്കാകും. ചെളി പുതഞ്ഞ് കിടക്കുന്നതിനാൽ അപകടക്കെണി അറിയാനുമാകില്ല. ഇത്രയധികം അപകടങ്ങൾ നടന്നിട്ടും ജില്ലയിൽ മുന്നറിയിപ്പ് ബോർഡില്ലാതെ നിരവധി കടവുകൾ ഇപ്പോഴുമുണ്ട്. ചിലയിടത്തെ ബോർഡുകൾ കാട് പിടിച്ച് കാണാൻ കഴിയാത്ത വിധത്തിലുമാണ്. ഇതൊന്നും തിരിച്ചറിയാതെ നിരവധി കുട്ടികളാണ് കയത്തിലേക്ക് എടുത്ത് ചാടുന്നത്. നദിയിൽ പലയിടത്തും വലിയകുഴികൾ രൂപപ്പെട്ട് ചെളി നിറഞ്ഞതിനാൽ നിരവധി ജീവനുകളാണ് നദിയിൽ പൊലിയുന്നത്.
വെള്ളമില്ലെന്ന് കരുതി ഇറങ്ങരുത്
കഴിഞ്ഞ ദിവസം ഓമല്ലൂർ കോയിക്കൽ കടവിൽ മുങ്ങിമരിച്ച വിദ്യാർത്ഥികൾ ആഴമില്ലെന്ന് കരുതിയാണ് നദിയിലിറങ്ങിയത്. നദിയിലെ കുഴികളിൽ അകപ്പെട്ട് മുങ്ങി താഴുകയായിരുന്നു.
ജാഗ്രത വേണം
പമ്പ, അച്ചൻകോവിലാർ, മണിമല എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. പോഷക നദികൾ വേറെയുമുണ്ട്. ജനവാസ മേഖയിലൂടെ കടന്ന് പോകുന്ന ഈ നദികളിലെല്ലാം മുന്നൂറിലധികം കടവുകളുണ്ട്. ഇവയെല്ലാം വേലി കെട്ടി സംരക്ഷിക്കണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ഓരോ അപകടം നടക്കുമ്പോഴും പ്രഖ്യാപിക്കുമെങ്കിലും ഒന്നും പാലിക്കുന്നില്ല. ഈ മാസം മുതൽ ജില്ലയിൽ വിവിധ കൺവെൻഷനുകളുടെ കാലമാണ്. മാരാമൺ , മാടമൺ, ചെറുകോൽപ്പുഴ , റാന്നി ഹിന്ദുമഹാ സമ്മേളനം തുടങ്ങിയ കൺവെൻഷനുകൾ പമ്പാ മണൽപ്പുറത്താണ് നടക്കുന്നത്. തിരക്കേറുന്ന ഇത്തരം കൺവെൻഷനുകളോടനുബന്ധിച്ചുള്ള കടവുകളിലും അപകട ഭീഷണി നേരിടുന്നുണ്ട്. 2023 ൽ മാരാമൺ കൺവെൻഷനിലെത്തിയ സഹോദരങ്ങൾ ആറൻമുള പരപ്പുഴ കടവിൽ വീണ് മരണപ്പെട്ടു.
മുൻപരിചയമില്ലാത്തവർ പുഴയിൽ ഇറങ്ങരുത്. അവധിക്കാലത്ത് കുട്ടികളെ സൂക്ഷിക്കണം. നീന്തൽ വശമുള്ളവരും വെള്ളത്തിൽ വീണാൽ അപകടം സംഭവിക്കാം. മദ്യപിച്ച് പുഴയിൽ ഇറങ്ങുന്നതും അപകടം വരുത്തിവയ്ക്കും.
ഫയർഫോഴ്സ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |