ചിറ്റാർ : പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണം ചാർത്ത് ഉത്സവം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 2 മണിവരെയാണ് തിരുവാഭരണം ചാർത്തിയുള്ള ദർശനം അനുവദിക്കുക. ശബരിമല അയ്യപ്പന് ചാർത്തുന്ന അതേ തിരുവാഭരണം ആണ് ഇവിടെയും ചാർത്തുക. ശബരിമല ധർമ്മ ശാസ്താക്ഷേത്രത്തിന് മുൻപേ പണിത് അയ്യപ്പപ്രതിഷ്ഠ നടത്തിയ കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനവിശേ ഷാൽ ചടങ്ങാണ് തിരുവാഭരണം ചാർത്തൽ. തിരുവാഭരണ ദർശനത്തിനായി നിരവധി ഭക്തർ കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലേക്ക് എത്തുമെങ്കിലും മുഖ്യമായും സ്ത്രീകളെ ഉദ്ദേശിച്ചുനടത്തുന്ന ചടങ്ങായതിനാൽ സ്ത്രീകളായിരിക്കും ഏറെയും.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ പ്രധാന വഴിപാട് നീരാജനമാണ്.
രാവിലെയും വൈകിട്ടും രണ്ട് പൂജകളാണുള്ളത്. പിതൃപൂജയും നടത്താറുണ്ട്. മേടത്തിലെ ഉത്രം നാളിൽ പത്തുദിവസത്തെ കൊടിയേറ്റുത്സവം നടക്കാറുണ്ടങ്കിലും ക്ഷേത്രത്തിലെ പ്രധാന ആഘോഷം തിരുവാഭരണം ചാർത്തലാണ്. പന്തളം കൊട്ടാരത്തിൽ നിന്നും ആറൻമുളയിൽ നിന്നും ആഘോഷപൂർവ്വം കൊണ്ടുവന്ന് മകരവിളക്ക് കാലത്ത് ഭഗവാന് ചാർത്താറുള്ള തങ്ക അങ്കിയും തിരുവാഭരണവും, ശബരിമല അയ്യപ്പന് ചാർത്തിയ ശേഷം തിരികെ പന്തളത്തേക്കും ആറന്മുളയിലേക്കും കൊണ്ടുപോകുമ്പോഴാണ് പെരുനാട് ക്ഷേത്രത്തിൽ ചാർത്തുന്നത്.
പത്തുവയസിന് മുകളിലും അൻപതുവയസിന് താഴെയുമുള്ള സ്ത്രീകൾക്ക് ശബരിമലയിലെത്തി നിത്യബ്രഹ്മചാരിയായ അയ്യപ്പനെ ദർശിക്കുവാൻ അനുവാദമില്ലാത്തതിനാൽ
അതിനൊരു പ്രതിവിധി എന്ന നിലയിലാണ് ആദ്യകാലത്ത് കക്കാട്ടുകോയിക്കൽ ശാസ്‌താക്ഷേത്രത്തിലെ വിഗ്രഹത്തിൽ തിരികെ കൊണ്ടുപോകും വഴി തിരുവാഭരണം ചാർത്തിയിരുന്നത്. രണ്ടിടത്തേയും അയ്യപ്പവിഗ്രഹങ്ങൾ ഒരേ അളവിലായതിനാലാണ് ഇങ്ങനൊരു ചടങ്ങ് പെരുനാട് ക്ഷേത്രത്തിൽ മാത്രം നടത്തുന്നത്.
കേരളത്തിൽ നിന്നുമാത്രമല്ല തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകൾ തിരുവാഭരണ ദർശനത്തിന് പെരുനാട്ടേക്ക് എത്താറുണ്ട്.
ഗോകുൽ, (പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |