കോഴിക്കോട് : കണ്ണിമുറിയാത്ത ലഹരി മരുന്ന് വിൽപനയിൽ ഭീഷണിയിലായി അനേകം ജീവനുകൾ. രാപ്പകലോടിയിട്ടും രാസ ലഹരിക്കണ്ണികളെ അറുത്തുമാറ്റാൻ കഴിയാതെ വിയർക്കുകയാണ് പൊലീസും എക്സൈസും. ഒരാളെ പിടികൂടിയാൽ മറ്റ് രണ്ട് പേർ മയക്കുമരുന്ന് വിൽപനയിൽ സജീവമാകും എന്നതാണ് നിലവിലെ അവസ്ഥ. രാസലഹരിക്ക് അടിമപ്പെട്ടവർ അക്രമാസക്തരാകുന്ന സാഹചര്യവും ഏറി വരികയാണ്. കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ലഹരിക്കടിമയായ 24കാരൻ ഉമ്മയെ വെട്ടിക്കൊന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ വർഷം തുടങ്ങി 20 ദിവസത്തിനിടെ 22 മയക്കുമരുന്ന് കേസുകളാണ് നഗരപരിധിയിൽ രേഖപ്പെടുത്തിയത്. ഇവരിൽ നിന്ന് 9.79 കിലോഗ്രാം കഞ്ചാവും, 51. 17 ഗ്രാം മെറ്റാഫിറ്റമിനും ഒരു കഞ്ചാവ് ചെടിയുമാണ് പിടികൂടിയത്.
എം.ഡി.എം.എ , മെറ്റാഫിറ്റമിൻ തുടങ്ങിയ ലഹരിവസ്തുക്കൾ പലപ്പോഴും ചെറിയ അളവിലാണ് മയക്കുമരുന്ന് സംഘം കെെയിൽ കരുതുന്നത്. പ്രധാനമായും ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇവിടേക്ക് ലഹരിക്കടത്തുന്നത്. സിനിമ തിയറ്റർ, ടർഫുകൾ തുടങ്ങി യുവാക്കൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപന സജീവമാക്കുന്നത്. പല കേസുകളിൽപെട്ട് ജാമ്യത്തിലിറങ്ങുന്നവരെയാണ് മയക്കുമരുന്ന് മാഫിയകൾ പ്രധാന കാരിയർമാരായി ഉപയോഗിക്കുന്നത്. കൂട്ടത്തിൽ സ്ത്രീകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡ്രഗ് ഡിറ്റക്ഷൻ കിറ്റിന്റെ
ലഭ്യതക്കുറവ് പ്രതിസന്ധി
ലഹരിമരുന്നു ഉപയോഗിച്ചെന്ന സംശയത്തിൽ ഒരാളെ പിടികൂടിയാൽ സ്ഥിരീകരിക്കാനുള്ള
സംവിധാനമാണ് ഡ്രഗ് ഡിറ്റക്ഷൻ കിറ്ര്. വ്യക്തികൾ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും ഏതു ലഹരി മരുന്നാണ് ഉപയോഗിച്ചതെന്നും കണ്ടെത്താൻ ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റ് എല്ലാ സ്റ്റേഷനുകളിലും ഉപയോഗിക്കണമെന്ന് 2019 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രക്തസാംപിൾ , പിടികൂടിയ വസ്തു എന്നിവ കെമിക്കൽ ലാബിലയച്ചാണ് പലപ്പോഴും പരിശോധനകൾ നടത്തുന്നത്. എന്നാൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റിലൂടെ കണ്ടെത്തൽ കുറേക്കൂടി എളുപ്പത്തിൽ സാധിക്കും.
രാസലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലും ആവശ്യത്തിന് കിറ്റുകൾ ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നെന്നാണ് പൊലീസും പറയുന്നത്.
"'ജില്ലയിൽ നർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശോധനയും ബോധവത്ക്കരണവും നടക്കുന്നുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പലരും ലഹരി വിൽപനയിൽ കണ്ണികളാകുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്നത്. ജില്ലാ അതിർത്തികളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കും.
- ബോസ് കെ.എ ( എ.സി.പി നർക്കോട്ടിക് സെൽ ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |