തിരുവനന്തപുരം; തദ്ദേശ വകുപ്പിലെയും ആയുർവേദ കോളേജിലെയും ഓരോ തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിംഗ് വിംഗ് ) ഡ്രാഫ്ട്സ്മാൻ ഗ്രേഡ്2 / ടൗൺ പ്ലാനിംഗ് സർവ്വേയർ ഗ്രേഡ് 2. (കാറ്റഗറി നമ്പർ 682/2023), എറണാകുളം, കണ്ണൂർ ജില്ലകളിൽ ആയുർവേദ കോളേജുകളിൽ തിയേറ്റർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 729/2022) തസ്തികകളിലേക്കാണ് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കുക.
പി.എസ്.സി അംഗമായി സത്യപ്രതിജ്ഞ
തിരുവനന്തപുരം; കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അംഗമായി നിയമിക്കപ്പെട്ട റിഷ ടി. ഗോപാൽ 24 ന് വൈകിട്ട് 4 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.
സാങ്കേതിക സർവകശാലയിൽ
10 പദ്ധതികൾക്ക് അംഗീകാരം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ 10.8 കോടിയുടെ പത്ത് പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകി. അക്കാഡമിക് ബ്ലോക്കിലേക്ക് അപ്രോച്ച് റോഡുകൾ നിർമ്മിക്കാൻ 3.8കോടി , ഫാക്വൽറ്റി ഡെവപല്മെന്റിനടക്കം 20ലക്ഷം, നൈപുണ്യ വികസനത്തിന് 50ലക്ഷം, ഡിജിറ്റൽ ലൈബ്രറിക്കടക്കം 4.9കോടി, നിലവിലെ താത്കാലിക ക്യാമ്പസിന് 20ലക്ഷം, പഠനസ്കൂളുകൾക്ക് 70ലക്ഷം, സ്റ്റാർട്ട്അപ് പ്രോത്സാഹനത്തിന് 10ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
സാങ്കേതിക സർവകലാശാല:
വി.സിയുടെ നിർദ്ദേശം നടപ്പാക്കാതെ രജിസ്ട്രാർ,
ഉത്തരവിറക്കി വി.സി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വൈസ്ചാൻസലർ ഡോ.കെ.ശിവപ്രസാദിന്റെ നിർദ്ദേശം അംഗീകരിക്കാൻ രജിസ്ട്രാർ ഡോ.എ.പ്രവീൺ വിസമ്മതിച്ചതിനെത്തുടർന്ന് വി.സി സ്വന്തംനിലയിൽ ഉത്തരവിറക്കി. ബഹളത്തെതുടർന്ന് കഴിഞ്ഞ 16ന് ചേർന്ന സിൻഡിക്കേറ്റ് യോഗം റദ്ദാക്കിയതിന് പിന്നാലെ, സിൻഡിക്കേറ്റംഗങ്ങൾ പ്രത്യേകമായി ചേർന്ന യോഗവും അതിലെ തീരുമാനങ്ങളും അസാധുവാണെന്ന് ഉത്തരവിറക്കാനായിരുന്നു വി.സിയുടെ നിർദ്ദേശം. ഇതിന് കഴിയില്ലെന്ന് രജിസ്ട്രാർ രേഖാമൂലം അറിയിച്ചു. തുടർന്ന് എല്ലാ നടപടികളും റദ്ദാക്കി വി.സി ഉത്തരവിറക്കി.
വി.സി പിരിച്ചുവിട്ട ശേഷവും തുടർന്ന സിൻഡിക്കേറ്റംഗങ്ങളുടെ പ്രത്യേക യോഗത്തിൽ പങ്കെടുത്തതിന് രജിസ്ട്രാർ ഡോ.എ.പ്രവീണിന് വി.സി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് രജിസ്ട്രാർ ഇന്നലെ വിശദീകരണം നൽകിയിട്ടുണ്ട്. അജൻഡയിൽ ഇല്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം വി.സി നിരാകരിച്ചതാണ് സിൻഡിക്കേറ്റ് യോഗത്തിൽ ബഹളത്തിന് കാരണമായത്. ഒരുമണിക്കൂറോളം ബഹളമുണ്ടായതോടെ അദ്ധ്യക്ഷനായ വി.സി യോഗം നിറുത്തി.
ഒരു സിൻഡിക്കേറ്റംഗത്തെ അദ്ധ്യക്ഷനാക്കി നടത്തിയ സമാന്തരയോഗത്തിലെ തീരുമാനങ്ങളെല്ലാം വി.സിയുടെ ഉത്തരവോടെ അസാധുവായി. ഈ യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും വി.സി കഴിഞ്ഞദിവസം മെയിൽ അയച്ചിരുന്നു. വി.സിയുടെ നിർദ്ദേശം അനുസരിക്കാത്ത രജിസ്ട്രാറുടെ നടപടി ഗുരുതര ചട്ടലംഘനമാണ്. സിൻഡിക്കേറ്റ് യോഗത്തിന്റെ അജൻഡ നിശ്ചയിക്കേണ്ടത് വി.സിയുടെ അനുമതിയോടെയാണ്. ഏറെക്കാലമായി സിൻഡിക്കേറ്റിന്റെ താത്പര്യമനുസരിച്ചാണ് സർവകലാശാലയിൽ അജൻഡ നിശ്ചയിക്കാറുള്ളത്. ചട്ടലംഘനം കാട്ടിയവർക്കെതിരെ വി.സി നടപടിയെടുക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |