ന്യൂഡൽഹി:ഉയർന്ന ശമ്പളത്തിന് ആനുപാതികമായ പെൻഷൻ നിലവിലെ ആനുപാതിക വ്യവസ്ഥയിൽ (പ്രോറേറ്റ) കണക്കാക്കാൻ നിയമപരമായ തടസങ്ങളില്ലെന്ന് വ്യക്തമാക്കി ഇ.പി.എഫ്.ഒ. ഉയർന്ന പെൻഷൻ ഉറപ്പാക്കിയ സുപ്രീം
കോടതി വിധിയിൽ പ്രോറേറ്റയെക്കുറിച്ച് പരാമർശമില്ലെന്നും കേസിൽ വിഷയമായിട്ടില്ലെന്നുമാണ് വിശദീകരണം. പ്രോറേറ്റയ്‌ക്ക് തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്നും ഇ.പി.എഫ്.ഒ അറിയിച്ചു..പ്രോറേറ്റയിൽ ശമ്പള പരിധിക്കുള്ളിലുള്ളവരെയും അതിന് മുകളിലുള്ളവരെയും ഒരു പോലെയാണ് കണക്കാക്കുന്നതെന്നും സോണൽ, റീജണൽ ഓഫീസുകൾക്ക് അയച്ച ഉത്തരവിൽ വിശദീകരിക്കുന്നു. ഉയർന്ന പെൻഷൻ പ്രോറേറ്റ പ്രകാരം നൽകാൻ തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അംഗീകാരം നൽകിയിട്ടുണ്ട്.
ഉത്തരവിൽ
പറയുന്നത്
ഉയർന്ന പെൻഷനായി ഫണ്ടിലേക്ക് അടയ്‌ക്കേണ്ട അധികവിഹിതം പെൻഷൻ കുടിശികയിൽ
നിന്നു വെട്ടിക്കുറയ‌്‌ക്കാനാകില്ല. ആദായനികുതി കണക്കാക്കുമ്പോൾ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകും.
മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പാക്കിയതു മൂലം കുടിശിക തുക വന്നതു തൊഴിലുടമയുടെ ഭാഗത്തു നിന്നുള്ള ബോധപൂർവമായ വീഴ്ചയല്ലാത്തതിനാൽ പിഴ ഈടാക്കില്ല. തുകയ്ക്ക് ബാധകമായ പലിശ ഇപിഎഫ് വിഹിതത്തിൽ നിന്നോ ഡിമാൻഡ് ലെറ്റർ വഴിയോ തിരികെ പിടിക്കും.
പെൻഷൻ 35 %
കുറയും
പുതിയ പെൻഷൻ പദ്ധതി നിലവിൽ വന്ന 2014 സെപ്റ്റംബർ ഒന്നിനു ശേഷം വിരമിച്ചവർക്ക് അവസാനത്തെ 60 മാസത്തെ ശമ്പള ശരാശരിയും അതിന് മുമ്പ് വിരമിച്ചവർക്ക് അവസാനത്തെ 12 മാസത്തെ ശമ്പള ശരാശരിയും വച്ചാണ് ഉയർന്ന പെൻഷൻ കണക്കാക്കേണ്ടത്. പ്രോറേറ്റ വ്യവസ്ഥയിൽ സെപ്‌തംബർ ഒന്നിന് മുമ്പും ശേഷവുമുള്ള ശമ്പളം രണ്ടു രീതിയിലാകും കണക്കാക്കുക.
ഇ. പി. എഫ് തുടങ്ങിയ 1995 നവംബർ മുതൽ 2014ഓഗസ്റ്റ് വരെ പരമാവധി 6,500 രൂപ ശമ്പളത്തിലും 2014 സെപ്റ്റംബറിന് ശേഷം പരമാവധി 15,000 രൂപ ശമ്പളത്തിലുമാണ് നിലവിൽ പെൻഷൻ കണക്കാക്കുന്നത്. ഇതാണ് പ്രോ റേറ്റ വ്യവസ്ഥ.
ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയവർ പി.എഫിൽ അംഗമായതു മുതലുള്ള പൂർണശമ്പളത്തിന്റെ 8.33 ശതമാനം വിഹിതം അടയ്‌ക്കണം. അതിന് 2014 സെപ്‌തംബറിന് മുമ്പും ശേഷവും എന്ന വേർതിരിവില്ല. . പെൻഷൻ 35 ശതമാനത്തോളം കുറയും.
ഫെബ്രുവരി 7നകം
തീർപ്പാക്കണം
ഉയർന്ന പിഎഫ് പെൻഷനു വേണ്ടിയുള്ള മുഴുവൻ അപേക്ഷകളും ഫെബ്രുവരി 7നകം തീർപ്പാക്കണമെന്ന് സെൻട്രൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഉത്തരവിട്ടു. പരിശോധന പൂർത്തിയാക്കിയ അപേക്ഷകളിൽ ഈ മാസം 24നകം പണം നൽകാനുള്ള ഉത്തരവു നൽകണം. 5000 ൽ താഴെ അപേക്ഷകളുള്ള ഓഫിസുകൾ ഇതേ തീയതിക്കകം തീർപ്പാക്കണം. ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |