പാറശാലയിൽ കാമുകനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ യുവതിക്ക് കേരളത്തിൽ വധശിക്ഷ. കൊൽക്കത്തയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സുരക്ഷാ ജീവനക്കാരന് പശ്ചിമ ബംഗാളിൽ മരണംവരെ ജീവപര്യന്തം കഠിന തടവ്.
പ്രതീക്ഷിച്ച ശിക്ഷ നൽകിയ വിധിയെ കേരള മനഃസാക്ഷി സ്വാഗതം ചെയ്തപ്പോൾ, നരാധമന് വധശിക്ഷ ലഭിക്കാത്തത് ബംഗാളിൽ കടുത്ത പ്രതിഷേധമായി.
# കേരളത്തിൽ വധശിക്ഷ കിട്ടുന്ന
രണ്ടാമത്തെ വനിത
# അമ്മാവന് 3 വർഷം തടവ്, ജാമ്യം
തിരുവനന്തപുരം: സ്നേഹബന്ധം തുടരുമ്പോഴും കാമുകനായ ഷാരോണിനെ കൊല്ലാൻ ശ്രമിക്കുകയും അതു നടപ്പാക്കുകയും ചെയ്ത പൈശാചിക മനസിന്റെ ഉടമയാണ് ഗ്രീഷ്മയെന്നും അപൂർവങ്ങളിൽ അപൂർവ്വമായ കേസാണെന്നും ചൂണ്ടിക്കാട്ടിയാണ് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ വധശിക്ഷ വിധിച്ചത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പ്രലോഭിപ്പിച്ചാണ് ക്ഷണിച്ചുവരുത്തിയത്.
മരണക്കിടക്കയിൽ കിടക്കുമ്പോഴും ഗ്രീഷ്മയെ ഷാരോൺ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്നാണു ഷാരോൺ ആഗ്രഹിച്ചതെന്നും 586 പേജുള്ള വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യംനടത്തിയിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനാണു ഗ്രീഷ്മ ശ്രമിച്ചത്.ഈ അപൂർവ്വതകളും വധശിക്ഷ നൽകാൻ കാരണമായെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയും ഏറ്റവും പ്രായം കുറഞ്ഞ പ്രതിയുമാണ് ഗ്രീഷ്മ (24).
തെളിവ് നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മലകുമാരൻ നായർക്കു മൂന്നു വർഷം തടവുശിക്ഷയും വിധിച്ചശേഷം ജാമ്യത്തിൽ വിട്ടു.
ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമാണ് വധശിക്ഷ നടപ്പാക്കേണ്ടത്.
48 സാഹചര്യ തെളിവുകൾ ഗ്രീഷ്മയ്‌ക്കെതിരെയുണ്ട്.പ്രായക്കുറവ്, മികച്ച വിദ്യാഭ്യാസം തുടങ്ങിയവ പരമാവധി ശിക്ഷ നൽകാതിരിക്കാൻ തടസമല്ലെന്നും കോടതി പറഞ്ഞു.
2022 ഒക്ടോബർ 14നാണ് പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. ഷാരോൺ ഒക്ടോ.25ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചു. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു.
പൊട്ടികരഞ്ഞ് മാതാപിതാക്കൾ
കൂസലില്ലാതെ ഗ്രീഷ്മ
# ഷാരോണിന്റെ അച്ഛൻ ജയരാജും അമ്മ പ്രിയയും സഹോദരൻ ഷിമോനും കോടതിയിൽ എത്തിയിരുന്നു. വിധി കേട്ട രക്ഷിതാക്കൾ പൊട്ടിക്കരഞ്ഞു.വിധിക്ക് മുൻപ് അവരെ ജഡ്ജി ചേംബറിലേക്കു വിളിപ്പിച്ചിരുന്നു.
# വധശിക്ഷ വിധിച്ചപ്പോൾ ഗ്രീഷ്മ നിർവികാരയായി ആരുടെയും മുഖത്ത് നോക്കാതെ കേട്ടു നിന്നു.വിധിപകർപ്പ് നൽകിയപ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ചു കൂസലില്ലാതെ ഒപ്പിട്ടു.
കുറ്റവും ശിക്ഷയും
#കൊലപാതകം (302 വകുപ്പ്) :വധശിക്ഷ
#തട്ടികൊണ്ടു പോകൽ (364) - 10 വർഷം കഠിന തടവ്, ഒരു ലക്ഷം പിഴ.ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ്
#വിഷം നൽകൽ (328) - 5 വർഷം കഠിന തടവ് 50,000 പിഴ. ഒടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ്
# പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ,കുറ്റം മറച്ചുവയ്ക്കൽ -2 വർഷം തടവ്.
വിധിയിലും നീതിന്യായ വ്യവസ്ഥയിലും നൂറ് ശതമാനം വിശ്വാസമുണ്ട്. നിഷ്കളങ്കനായ എന്റെ
പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു. ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞു.
-ഷാരോണിന്റെ അമ്മ പ്രിയ
പീഡനക്കൊലയ്്ക്ക്
മരണംവരെ തടവറ
# വധശിക്ഷ നൽകാൻ അപൂർവ കേസല്ലെന്ന് ബംഗാൾ കോടതി n മരണം വരെ ജീവപര്യന്തം കഠിന തടവ്
# ഡോക്ടറുടെ മാതാപിതാക്കൾ നഷ്ടപരിഹാരം നിരസിച്ചു
എം.പി. പ്രദീപ്കുമാർ
ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ പി.ജി ട്രെയിനി ഡോക്ടറെ സുരക്ഷാ ജീവനക്കാരൻ കോൺഫറസ് ഹാളിൽ മാനഭംഗപ്പെടുത്തി കൊന്ന കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊൽക്കത്തയിലെ സിയാൽദ സെഷൻസ് കോടതി വധശിക്ഷ വേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം, പ്രതി സഞ്ജയ് റോയിക്ക് മരണം വരെ ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയുംവിധിച്ചു.
ഇരകൾക്കുള്ള നഷ്ടപരിഹാര ചട്ടപ്രകാരം പശ്ചിമബംഗാൾ സർക്കാർ മാതാപിതാക്കൾക്ക് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. 10 ലക്ഷം കൊലപാതകത്തിനും, 7 ലക്ഷം മാനഭംഗത്തിനുമാണ്. ഉച്ചയ്ക്ക് 2.45ന് ചേർന്ന കോടതി ശിക്ഷാഭാഗം മാത്രം പ്രസ്താവിച്ചു. വധശിക്ഷ വിധിക്കാത്തതിലുള്ള സങ്കടവും രോഷവും ഡോക്ടറുടെ മാതാപിതാക്കൾ ജഡ്ജിയുടെ മുന്നിൽ പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം നിരസിക്കുകയും ചെയ്തു.
നഷ്ടപരിഹാരം പ്രഖ്യാപിച്ചത് നിയമം അനുശാസിക്കുന്നതു കൊണ്ടാണെന്ന് ജഡ്ജി അനിർബൻ ദാസ് മറുപടി നൽകി. വധശിക്ഷ വിധിക്കണമെന്ന് സി.ബി.ഐ ശക്തമായി വാദിച്ചിരുന്നു.
സംഭവമുണ്ടായ അന്നുമുതൽ തെരുവിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ സംഘടനകളും അഭയ മഞ്ചും കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമൊരുക്കിയിരുന്നു.
2024 ആഗസ്റ്റ് 9നാണ് ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേദിവസം പ്രതി പിടിയിലായി. 164ാം ദിവസമാണ് ശിക്ഷാവിധി വന്നത്. സുപ്രീംകോടതി ഇടപെടലും, സി.ബി.ഐ അന്വേഷണവുമാണ് വേഗത്തിൽ വിചാരണ ഉറപ്പാക്കിയത്. കൊൽക്കത്ത പൊലീസിന് കീഴിലെ സിവിക് വോളന്റിയറായിരുന്നു സഞ്ജയ് റോയ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |